
കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ സ്ഥലം മാറ്റി . ശാസ്താംകോട്ട DB കോളജിലേക്കാണ് തിരികെ നിയമിച്ചിരിക്കുന്നത്. അനിൽകുമാറിന്റെ അഭ്യർത്ഥന പ്രകാരമാണ് മാറ്റമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസമായി സസ്പെൻഷനിൽ തുടരുന്നതിനിടയിലാണ് ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവ്. മോഹനൻ കുന്നുമ്മൽ ആണ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്.
അതേസമയം, രജിസ്ട്രാർ ആയി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും മാതൃ വകുപ്പിലേക്ക് മടങ്ങിപ്പോകണമെന്നും അനിൽകുമാർ താൽപ്പര്യം അറിയിച്ചെന്നും ഇതേ തുടർന്നാണ് മാറ്റം എന്നുമാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്.
സിസ തോമസിനെ കേരള സാങ്കേതിക സർവ്വകലാശാലയിൽ വി സിയായി നിയമിച്ചതിന് പിന്നാലെയാണ് കേരളയിലെ കീഴടങ്ങൽ. ശാസ്താംകോട്ട ഡി ബി കോളജിലെ പ്രിൻസിപ്പൽ ആയിരുന്ന അനിൽകുമാറിനെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലായിരുന്നു രജിസ്ട്രാറായി പുനർനിയമിച്ചത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഭാരതാംബ വിവാദത്തിന്റെ പേരിൽ അനിൽകുമാറിനെ രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തത്. പിന്നാലെ വലിയ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടന്നു. സർക്കാരും ഇടതു സംഘടനകളും അനിൽകുമാറിനൊപ്പം നിന്നപ്പോൾ ചാൻസിലർ വി സി മോഹനൻ കുന്നുമ്മലിനെ പിന്തുണച്ചു. ഒടുവിൽ നടന്ന സിൻഡിക്കേറ്റ് യോഗത്തിലും തീരുമാനം ആകാതെ വന്നപ്പോൾ അനിൽകുമാറിന്റെ സസ്പെൻഷനിൽ തുടരുകയാണ്. വിഷയത്തിൽ പ്രതികരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ, കെ എസ് അനിൽകുമാറോ, സിൻഡിക്കേറ്റ് അംഗങ്ങളോ തയ്യാറായില്ല



