
സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പരിശീലനം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിൽ നിന്ന് 43 പേരാണ് ഇത്തവണ ഉന്നത വിജയം കരസ്ഥമാക്കിയത്. എല്ലാ വിജയികളെയും അദ്ദേഹം അനുമോദിച്ചു.
കൂടുതല്‍ മലയാളികള്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നത് പ്രോത്സാഹിപ്പിക്കേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സിവില്‍ സര്‍വീസ് വഹിക്കുന്ന പങ്ക് വലുതാണ്. സംസ്ഥാനത്തിനും സിവില്‍ സര്‍വീസ് അക്കാദമിക്കും അഭിമാനം നല്‍കുന്ന നേട്ടമാണിത്. ജനാധിപത്യത്തോട് ഉയര്‍ന്ന ആദരവ് നല്‍കുംവിധം ആയിരിക്കണം ഭരണമെന്ന് അദ്ദേഹം വിജയികളോട് പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി എടുക്കേണ്ടി വരും. കേരളത്തില്‍ നിന്നും വരുന്നവരായാണ് നിങ്ങളെ മറ്റ് സംസ്ഥാനങ്ങളിലുള്ളവർ നിരീക്ഷിക്കുക. കേരള സമൂഹം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്. അത് മനസ്സിലാക്കി മുന്നോട്ട് പോകണം. എല്ലാ മേഖലയിലും മികവ് പുലര്‍ത്തണം.
നാടിന്റെ സല്‍പേര് എന്നും ഉയര്‍ത്തിപ്പിടിക്കാന്‍ ആകണം. ജനാധിപത്യത്തോട് ഉയര്‍ന്ന ആദരവ് നല്‍കുംവിധമായിരിക്കണം ഭരണം. ശരിയെന്ന് കരുതുന്ന തെറ്റായ മനോഭാവങ്ങള്‍, പിന്തുടര്‍ന്ന് വരുന്ന കാലഹരണപ്പെട്ട ശീലങ്ങള്‍, ഒഴിവാക്കേണ്ട മുന്‍വിധികള്‍ എന്നിവയെല്ലാം ഒഴിവാക്കി ജനസേവനത്തിന് മുന്‍ഗണന നല്‍കണം. ജനങ്ങളാണ് യജമാനന്മാര്‍ എന്ന ബോധ്യം ഉണ്ടാകണം. ജനങ്ങള്‍ സേവിക്കപ്പെടേണ്ടവരാണ്. അപ്പോഴാണ് മികച്ച ഉദ്യോഗസ്ഥര്‍ ആകുക. മത നിരപേക്ഷമാകണം മനോഭാവം. മതനിരപേക്ഷത എന്നത് രാഷ്ട്രീയ പരികല്പനയല്ല. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണത്. വര്‍ഗീയതയ്‌ക്കെതിരെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ നിങ്ങള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയാണ്. നിങ്ങളുടെ സേവനത്തിന്റെ അംഗീകാരവും പാരിതോഷികവും സാധാരണക്കാരുടെ സന്തോഷം ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


