News

കേരളത്തിലെ എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു ; ഒഴിവായത് 24, 08,503 പേർ, നിങ്ങളുടെ പേര് ഉണ്ടോ എന്ന് എങ്ങനെ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in എന്ന വെബ്സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. വോട്ടര്‍ പട്ടികയിൽ നിന്ന് 24, 08,503 പേരെയാണ് ഒഴിവാക്കിയത്. കേരളത്തിൽ 2002-ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ വോട്ടർ പട്ടിക പുതുക്കുന്നത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്. ഒഴിവാക്കിയവരിൽ പേര് ചേർക്കേണ്ടവർ ഫോം പൂരിപ്പിച്ച് നൽകണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് മുതൽ ജനുവരി 22 വരെ പരാതികൾ നൽകാം. ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാൻ നിയോഗിച്ചിട്ടുണ്ട്.

പട്ടികയിലെ കണക്കുകള്‍ ഇങ്ങനെ

6.49 ലക്ഷം- മരിച്ചവർ

6.45 ലക്ഷം- കണ്ടെത്താൻ കഴിയാത്തവർ

8.16 ലക്ഷം- താമസം മാറിയവർ

1.36 ലക്ഷം- ഒന്നിൽ കൂടുതൽ തവണ പേര് ഉള്ളവർ

1.60 ലക്ഷം- മറ്റുള്ളവർ

കരട് പട്ടികയിൽ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: voters.eci.gov.in

ഹോംപേജിലെ ‘Search your name in E-roll’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ വോട്ടർ ഐഡി (EPIC) നമ്പറോ വ്യക്തിഗത വിവരങ്ങളോ നൽകി പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.

പ്രധാന തീയതികൾ

ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള സമയം: 2025 ഡിസംബർ 23 മുതൽ 2026 ജനുവരി 22 വരെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button