
നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പ് പുറത്ത് വരുമ്പോൾ ഗൂഡാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടുവെന്ന് വ്യക്തം. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും കോടതി വ്യക്തമായി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ അറസ്റ്റ്. എന്നാൽ ഒന്നാം പ്രതി പൾസർ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
പ്രോസിക്യൂഷന്റെ വീഴ്ചകളെ കോടതി കടുത്ത ഭാഷയിൽ വിമര്‍ശിക്കുന്നുണ്ട്. ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സമര്‍പ്പിക്കപ്പെട്ട തെളിവുകൾ ഗൂഢാലോചന തെളിയിക്കാൻ അപര്യാപ്തമാണ് എന്ന് കോടതി വ്യക്തമാക്കി. വിധി പകര്‍പ്പിൽ 300 പേജുകളില്‍ ദിലീപിനെ എന്തുകൊണ്ട് കുറ്റവിമുക്തനാക്കി എന്നാണ് കോടതി വിശദീകരിക്കുന്നത്. മാസ്റ്റര്‍ കോണ്‍സ്പറേറ്റര്‍ എന്ന് പ്രോസിക്യൂഷൻ ആരോപിച്ച ദിലീപിനെതിരെ യാതൊരു തെളിവുകളും ഇല്ല. ദിലീപിന്റെ വീട്ടിൽ വച്ച് പൾസര്‍ സുനിയുമായി ഗൂഢാലോചന നടത്തി എന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഒന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.
ദിലീപിന്റെ വീടിന് സമീപം പൾസർ സുനിയെ കണ്ടുവെന്ന് ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുണ്ട്. എന്നാല്‍, അത് ഗൂഢാലോചന നടത്താനാണ് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്ന തെളിവല്ലെന്നാണ് കോടതി പറയുന്നത്. ദിലീപിന്റെ പല സെറ്റുകളിലും പൾസർ സുനിയുടെ സാന്നിധ്യം ഉണ്ടെന്ന് പ്രോസിക്യൂഷൻ പറയുന്നുണ്ട്. എന്നാല്‍, ഒന്നാം പ്രതിയും ഒരു ചലച്ചിത്ര പ്രവർത്തകനാണ്. അതുകൊണ്ട് സെറ്റിൽ കണ്ടു എന്നുള്ളതും ഗൂഢാലോചന നടത്തി എന്നുള്ളതും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. അതേസമയം, അന്വേഷണ സംഘത്തിനെതിരെയും കോടതി വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മൂന്ന് സ്ഥലങ്ങളിൽ വച്ച് ദിലീപ് പണം നൽകിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാല്‍, ഇതെല്ലാം പൂർണമായും കോടതി നിരാകരിച്ചു. വാക്കുകൾക്ക് അപ്പുറത്തേക്ക് ഡിജിറ്റലായി ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല.




