KeralaNews

എലപ്പുള്ളി ബ്രൂവറിയിലെ ഹൈക്കോടതി വിധി; സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് എംബി രാജേഷ്

എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള സര്‍ക്കാരിന്‍റെ പ്രാഥമിക അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയല്ലെന്നും സർക്കാർ തീരുമാനം ശരിയാണ്, വാട്ടർ അതോറിറ്റിയുടെ സമ്മതത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ അനുമതി കൊടുത്തത്, എന്നാൽ പിന്നീട് വാട്ടർ അതോറിറ്റി അതിൽ നിന്ന് പിൻമാറി എന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ അപേക്ഷ തന്നാൽ സർക്കാരിന് പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. സർക്കാരിനെ കുറ്റപ്പെടുത്തിയിട്ടില്ല എന്നും എംബി രാജേഷ് പറഞ്ഞു. ബ്രൂവറി സ്ഥാപിക്കാനുള്ള സര്‍ക്കാരിന്‍റെ അനുമതി കോടതി റദ്ദാക്കുകയായിരുന്നു. കാര്യമായ അപഗ്രഥനം നടത്താതെയാണ് അനുമതി നല്‍കിയതെന്ന് ഉത്തരവില്‍ പറയുന്നു. വിഷയത്തില്‍ വിശദ പഠനം നടത്തണമെന്നും അതിന് ശേഷം മാത്രമെ അനുമതി നല്‍കണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാവൂ എന്നും കോടതി വ്യക്തമാക്കി.

പാലക്കാട് എലപ്പുളളി പഞ്ചായത്തിൽ ഉൾപ്പെട്ട മണ്ണൂർക്കാട് ബ്രൂവറി തുടങ്ങാനായിരുന്നു സംസ്ഥാന സർക്കാരിന്‍റെയും എക്സൈസ് വകുപ്പിന്‍റെയും നീക്കം. സ്വകാര്യ കമ്പനിയായ ഒയാസിസിന് പ്രാഥമികാനുമതി നൽകുകയും ചെയ്തു. നടപടി ചോദ്യം ചെയ്തുളള പൊതുതാല്പര്യ ഹർജികളിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. സർക്കാരിന്‍റെ പ്രാഥമികാനുമതി റദ്ദാക്കിയ ഹൈക്കോടതി ചട്ടങ്ങൾ പൂ‍ർണമായി പാലിച്ചല്ല ഉത്തരവിറക്കിയതെന്നും കണ്ടെത്തി. ഇക്കാര്യത്തിൽ എല്ലാ വസ്തുതകളും പരിഗണിച്ചുളള പഠനം നടന്നിട്ടില്ല. പ്രദേശവാസികളുടെ ആശങ്കകൾക്ക് വലിയ വിലയുണ്ട്. അത് കൂടി പരിഗണിക്കേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ്. പ്രദേശത്തെ ജലനിരപ്പ് താഴാനിടയാക്കുമെന്നും കുടിവെളളത്തെയും ജനജീവിതത്തെയും ബാധിക്കുമെന്നും പൊതുതാൽപര്യ ഹർജികളിൽ ഉണ്ടായിരുന്നു. അതേസമയം, കോടതി തീരുമാനം സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് ഇത്തരം കാര്യങ്ങളിൽ അവധാനതയോടെയാണ് മുന്നോട്ട് പോകേണ്ടതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ, പദ്ധതിക്ക് വീണ്ടും അനുമതി നൽകുന്നതിന് സർക്കാരിന് ഇനിയും തടസമില്ല. എന്നാൽ, വ്യക്തമായ പഠനം നടത്തി ഗുണദോഷ വശങ്ങള്‍ കൃത്യമായി പരിശോധിച്ച് മാത്രമേ മുന്നോട്ട് പോകാവുവെന്നാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button