Kerala

ആശാ വർക്കർമാർക്ക് 3,000 രൂപയും അങ്കണവാടി ജീവനക്കാർക്ക് 1,000 രൂപയും വർദ്ധിപ്പിച്ചു, ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര!

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ സാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവായിരിക്കെ സമരം ചെയ്ത ആശാ വർക്കർമാർക്ക് നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട് അവരുടെ ഒണറേറിയത്തിൽ 3,000 രൂപയുടെ വർദ്ധനവാണ് മുഖ്യമന്ത്രി തന്റെ ആദ്യ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. കൂടാതെ അങ്കണവാടി ജീവനക്കാർക്കും യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ഗ്യാരണ്ടികളായ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾക്കും ആദ്യ യോഗം അംഗീകാരം നൽകി.

ആദ്യ കാബിനറ്റ് യോഗത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ:

  • ആശാ വർക്കർമാർക്ക് വലിയ ആശ്വാസം: സമരം ചെയ്ത ആശാ വർക്കർമാർക്ക് ഒണറേറിയം 21,000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സമരവേദിയിൽ വെച്ച് യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പരിഹാരമുണ്ടാക്കുമെന്ന് വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 9,000 രൂപയിൽ നിന്നും 3,000 രൂപ വർദ്ധിപ്പിച്ച് ഇനി മുതൽ 12,000 രൂപയാക്കി മാറ്റും. ഇതോടൊപ്പം വിരമിക്കൽ ആനുകൂല്യങ്ങളിലും മാറ്റം വരുത്തും. ഇത് ആദ്യ ഘട്ടം മാത്രമാണെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് തുക ഇനിയും വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
  • അങ്കണവാടി – പ്രീ-പ്രൈമറി ജീവനക്കാർക്ക് വർദ്ധനവ്: കടുത്ത പ്രതിസന്ധി നേരിടുന്ന അങ്കണവാടി ടീച്ചർമാർ, ഹെൽപ്പർമാർ, പ്രീ-പ്രൈമറി അധ്യാപകർ, സ്കൂളുകളിലെ പാചക തൊഴിലാളികൾ എന്നിവർക്ക് നിലവിലെ വേതനത്തിൽ നിന്നും 1,000 രൂപ വീതം വർദ്ധിപ്പിക്കും. തുക വലുതല്ലെന്ന് അറിയാമെങ്കിലും ആദ്യ ഘട്ടത്തിൽ ജീവനക്കാരെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് പ്രധാന യു.ഡി.എഫ് ഗ്യാരണ്ടികൾ ഉടൻ:

  1. സ്ത്രീകൾക്ക് സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര: യു.ഡി.എഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതി ജൂൺ 15 മുതൽ സംസ്ഥാനത്ത് ഔദ്യോഗികമായി നടപ്പിലാക്കും.
  2. രാജ്യത്തെ ആദ്യ വയോജന മന്ത്രാലയം: മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനായി കേരളത്തിൽ പ്രത്യേക വയോജന വകുപ്പ് രൂപീകരിക്കും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് വരുന്നത്. ഒരു സമൂഹം പരിഷ്കൃതമാകണമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണമെന്നും ഈ പുതിയ മന്ത്രാലയത്തിന് പിന്നിൽ വലിയൊരു സ്വപ്നതുല്യമായ ലക്ഷ്യമുണ്ടെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button