
തനത് രുചികള്‍ക്ക് പ്രാധാന്യം നല്കി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണങ്ങള്‍ പരിഷ്കരിക്കുന്നു. പ്രാദേശിക വിഭങ്ങളുടെ രുചി വൈവിധ്യങ്ങള്‍ ഇനി യാത്രയിലും ആസ്വദിക്കാവുന്ന വിധത്തിലാണ് ഐആര്‍സിസിടിയുടെ പുതിയ മെനു. ഭക്ഷണത്തെ കുറിച്ച് നിരന്തരം പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ കാറ്ററിങ് കമ്പനികളെ ഉള്‍പ്പെടുത്തി ഐആര്‍സിടിസി പരിഷ്കരണം നടപ്പാക്കുന്നത്.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിന്ദാവന് ഫുഡ് പ്രൊഡക്റ്റിനായിരുന്നു കേരളത്തിലേയും തമിഴ്നാട്ടിലെയും വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിന്റെ ചുമതല. എന്നാല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് നിരന്തരം പരാതികള്‍ ഉയര്‍ന്നതോടെ കരാര്‍ റദ്ദാക്കിയിരുന്നു. ഇക്കഴിഞ്ഞ മേയില്‍ കൊച്ചി കോര്പ്പറേഷന് നടത്തിയ പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്നും കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്ഥാപനവുമായുള്ള കരാര്‍ റദ്ദാക്കിയത്.
ദക്ഷിണ റെയില്‍വെയുടെ നടപടി ചോദ്യം ചെയ്ത് സ്ഥാപനം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റെയില്‍വെ അധികൃതര്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിഗണിച്ച കോടതി കരാര്‍ റദ്ദാക്കിയ തീരുമാനം അംഗീകരിക്കുകയും ചെയ്തു. പിന്നാലെയാണ് പുതിയ കാറ്ററിങ് കമ്പനികളെ ട്രെയിനില്‍ ഭക്ഷണ വിതരണത്തിനായി കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചത്. സങ്കല്പ് റിക്രിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എഎസ് സെയില്‍സ് കോര്പ്പറേഷന് എന്നിവയ്ക്കാണ് പുതിയ കരാര്‍ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം-മംഗലാപുരം സെന്‍ട്രല്‍ വന്ദേ ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയിലാണ് ഈ സ്ഥാപനങ്ങള്‍ക്ക് ഭക്ഷണ വിതരണത്തിനുള്ള ചുമതല.



