Blog

മന്ത്രിസഭാ യോഗം മാറ്റി; മുഖ്യനും മന്ത്രിമാരും വിദേശത്തായതിന്റെ പേരില്‍ ക്യാബിനറ്റ് യോഗം മാറ്റുന്നത് അത്യപൂര്‍വ്വം

കാലങ്ങളായി എല്ലാ ബുധനാഴ്ച്ചയും കൂടിച്ചേരാറുള്ള മന്ത്രിസഭായോഗം മാറ്റിവെച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് യാത്രയിലായതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭായോഗം മാറ്റിവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ കുടുംബത്തോടൊപ്പം വിദേശത്താണ്.

ഇതിന് മുമ്പ് പലതവണ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ആയിരുന്നപ്പോഴൊക്കെ ഓണ്‍ലൈനിലൂടെ മന്ത്രിസഭായോഗം ചേരാറുണ്ടായിരുന്നു. എന്നാല്‍ അതിനാണ് ഇപ്പോള്‍ മാറ്റം സംഭവിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് യാത്ര സംബന്ധമായ ദേഹാസ്വസ്ഥ്യം ഉള്ളതിനാലാണ് മന്ത്രിസഭ യോഗം മാറ്റി വച്ചത് എന്ന സൂചനകളും പരക്കുന്നുണ്ട്.

നവകേരള യാത്രയുടെ പേരില്‍ മുഖ്യമന്ത്രിയും മന്ത്രിസംഭാംഗങ്ങളും കൂട്ടത്തോടെ തലസ്ഥാനത്ത് നിന്ന് മാറി നിന്ന സമയത്തും സംസ്ഥാനത്തെ വിവിധ ആഡംബര ബാർ ഹോട്ടലുകളിലും മന്ത്രിമാരുടെ സ്വകാര്യ വസതികളിലും മന്ത്രിസഭായോഗം ചേർന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെ ക്യാബിനറ്റ് യോഗം മാറ്റിവെച്ചിരിക്കുകയാണ്.

വിവിധ പ്രതിസന്ധികളിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയിലായിരിക്കുന്നത് വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുന്നുണ്ട്. അതിന് പിന്നാലെയാണ് ഇപ്പോള്‍ മന്ത്രിസഭായോഗവും മാറ്റിവെച്ചിരിക്കുന്നത്. സംസ്ഥാനത്ത് കാലാവസ്ഥ സംബന്ധമായ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിച്ചുവരികയാണ്. വൈദ്യുതി പ്രതിസന്ധിയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കൂടാതെ കനത്ത ചൂട് കാരണം കാര്‍ഷിക-ക്ഷീര മേഖലകളില്‍ കടുത്ത പ്രതിസന്ധി, കള്ള കടല്‍ പ്രതിഭാസം മൂലം തീരമേഖലയിലെ വറുതി എന്നിവയ്ക്ക് അടിയന്തിര പരിഹാരം കാണേണ്ട മന്ത്രിസഭ യോഗം മാറ്റിവച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വഴിവെക്കുമെന്നാണ് കരുതുന്നത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വകാര്യതയെ മാനിക്കണമെന്ന ന്യായീകരണമാണ് സിപിഎം പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി ഉയരുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങള്‍ മാത്രം കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യ വിട്ട സിപിഎം നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ വിമര്‍ശനവും ശക്തമാണ്.

തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞതോടെ സംസ്ഥാനത്തെ മന്ത്രിസഭാംഗങ്ങള്‍ വിദേശയാത്രയുമായി തിരക്കിലായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും വിദേശത്ത് കുടുംബത്തോടൊപ്പം വിനോദയാത്രയിലാണ്. ഇന്തോനേഷ്യ, സിങ്കപ്പൂര്‍, യു.എ.ഇ രാജ്യങ്ങളിലാണ് മുഖ്യമന്ത്രിയും കുടുംബവും സന്ദര്‍ശനം നടത്തുന്നത്.

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യയും ഇന്തോനേഷ്യയിലേക്ക് വിനോദ യാത്ര പോയിരിക്കുകയാണ്. ഈമാസം അഞ്ചാം തീയതി ഇന്ത്യയില്‍ നിന്ന് തിരിച്ച മന്ത്രിയും ഭാര്യയും 14ാം തീയതിയേ തിരിച്ചുവരികയുള്ളൂവെന്നാണ് അറിയുന്നത്. നാട്ടിലെ ചൂട് കാലാവാസ്ഥ സഹിക്കാനാകാതെയാണ് മന്ത്രിമാര്‍ വിദേശയാത്രയുമായി സജീമാകുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ഇവരെ കൂടാതെ കൂടുതല്‍ മന്ത്രിമാര്‍ വിദേശയാത്രക്ക് തയ്യാറെടുക്കുന്നതായാണ് സെക്രട്ടേറിയറ്റില്‍ നിന്ന് അറിയുന്നത്.

അതേസമയം, കേരളത്തിലെ ജനങ്ങള്‍ ഉഷ്ണതരംഗത്തിലും കള്ളക്കടല്‍ പ്രതിഭാസത്തിലും പെട്ട് ദുരിതമനുഭവിക്കുമ്പോള്‍ ഭരണാധികാരികള്‍ വിദേശയാത്രകളില്‍ സജീവമാകുന്നതിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. കോണ്‍ഗ്രസ് നേതാക്കളും ബിജെപി നേതാക്കളും ഒരുപോലെ പിണറായി വിജയനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് രംഗത്തെത്തി. മുഖ്യമന്ത്രിക്ക് വിദേശയാത്രക്കുള്ള ഫണ്ട് ആര് നല്‍കിയെന്ന ചോദ്യമാണ് വി. മുരളീധരന്‍ ഉന്നയിച്ചത്. പശു ആലയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതുപോലെ എങ്ങോട്ടെങ്കിലും പോകാനുള്ള ആളാണോ മുഖ്യമന്ത്രിയെന്നായിരുന്നു കെ. സുധാകരന്റെ വിമര്‍ശനം.

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രകള്‍ പാര്‍ട്ടിയും അറിയേണ്ടവരും അറിഞ്ഞിട്ടാണെന്നായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ന്യായീകരണം. ആരാണ് മന്ത്രിമാരുടെ യാത്രകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button