കേരളത്തിന് 3975 കോടി അനുവദിച്ചു; ശബരി പാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി: കേന്ദ്ര റെയില്‍വേമന്ത്രി

ന്യൂഡല്‍ഹി : കേരളത്തിന് 3795 കോടി റെയില്‍വേ ബജറ്റ് വിഹിതം അനുവദിച്ചെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് മികച്ച പരിഗണനയാണ് നല്‍കിയിട്ടുള്ളത്. മംഗലാപുരം- ഷൊര്‍ണൂര്‍ മൂന്നും നാലും പാതകളുടെ ഡിപിആര്‍ നടപടികള്‍ പുരോഗമിക്കുന്നു. ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ മൂന്നാം നാലും പാതയുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു.
ഷൊര്‍ണൂര്‍- എറണാകുളം മൂന്നാം പാതയുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ അന്തിമ നടപടികളിലാണ്. എറണാകുളം- കായംകുളം മൂന്നാം പാത ( കോട്ടയം വഴി) ട്രാഫിക് സര്‍വേ പൂര്‍ത്തിയായി. കായംകുളം- തിരുവനന്തപുരം മൂന്നാം പാതയുടെ ട്രാഫിക് സര്‍വേ പൂര്‍ത്തിയായി അലൈന്മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. ഡിപിആര്‍ ഉടന്‍ തയ്യാറാക്കും. തിരുവനന്തപുരം – നാഗര്‍കോവില്‍ സര്‍വേ നടക്കുകയാണ്.
തുറവൂര്‍- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലില്‍ സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഏറെ സുപ്രധാനമായ ശബരിപാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി. അങ്കമാലി ശബരിപാതയ്ക്ക് സ്ഥലമേറ്റെടുക്കല്‍ തുടങ്ങി. ഗുരുവായൂര്‍- തിരുനാവായ പാതയുടെ നടപടികള്‍ ആരംഭിച്ചു. സ്ഥലം ഏറ്റെടുക്കലില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ തേടിയിട്ടുണ്ട്. പദ്ധതിക്കായി 1975 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.



