Kerala

മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ.സി. വേണുഗോപാലിന്റെ ഫ്ലെക്സിൽ കരിഓയിൽ; പള്ളുരുത്തിയിൽ സതീശനായി പോസ്റ്ററുകൾ

കണ്ണൂർ: ദില്ലിയിൽ മുഖ്യമന്ത്രി ചർച്ച നടക്കാനിരിക്കെ കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം. കണ്ണൂർ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച ഫ്ലെക്സ് ബോർഡിലാണ് കരിഓയിൽ ഒഴിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട നാല് നേതാക്കളുടെ ചിത്രങ്ങൾ ഉള്ളതായിരുന്നു ഫ്ലെക്സ്. ഇതിൽ രമേശ് ചെന്നിത്തല, വി ഡി സതീശൻ, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങളെ ഒഴിവാക്കി കെസി വേണു​ഗോപാലിന്റെ ചിത്രത്തിലാണ് കരിഓയിൽ ഒഴിച്ചത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. അതേസമയം, ഫ്ലെക്സ് യുദ്ധം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടും ചിലയിടങ്ങളിൽ ഇപ്പോഴും ഫ്ലെക്സുകൾ ഉയരുന്നുണ്ട്.

എറണാകുളം പള്ളുരുത്തിയിൽ വി ഡി സതീശനും ഷാഫി പറമ്പിലിനും അനുകൂലമായി ഫ്ലെക്സ് ഉയർന്നിട്ടുണ്ട്. വിഡിഎസ് കേരളം ഭരിക്കട്ടെ, ഷാഫി കോൺഗ്രസ് നയിക്കട്ടെ എന്നാണ് ഫ്ലെക്സിലുള്ളത്. കോൺഗ്രസ് പള്ളുരുത്തി മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഫ്ലെക്സ്. അതേസമയം, കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാ​ഗമായി രാഹുൽ ഗാന്ധി നേരിട്ട് അഭിപ്രായങ്ങൾ തേടി വരികയാണ്. രാഹുൽ, നെഹ്റു കുടുംബത്തോട് അടുപ്പമുള്ള പലരുടെയും അഭിപ്രായമെടുത്തെന്നാണ് റിപ്പോർട്ട്. ഇന്ന് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായും സംസാരിക്കും. സോണിയ ഗാന്ധി തീരുമാനം എടുക്കണമെന്നാണ് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അഭിപ്രായം. കെസി വേണു​ഗോപാലുമായി ഖർ​ഗെയ്ക്കും രാഹുലിനും വ്യക്തിപരമായ ബന്ധമുണ്ട് എന്ന സാഹചര്യത്തിലാണ് സോണിയ ​ഗാന്ധി തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക് ഖർ​ഗെ എത്തിയത്. എട്ടു ദിവസമായിട്ടും തീരുമാനം പ്രഖ്യാപിക്കാൻ കഴിയാത്തതിൽ ഘടകകക്ഷികളിൽ അടക്കം പ്രതിഷേധം പുകയുകയാണ്.

ചര്‍ച്ചകളുടെ ഭാഗമായി രാഹുല്‍ ഗാന്ധി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായും പ്രിയങ്ക ഗാന്ധിയുമായും സംസാരിച്ചിരുന്നു. ലീഗിന്‍റെ നിലപാടും, സംസ്ഥാനത്തെ സാഹചര്യവും പ്രിയങ്ക രാഹുലിനെ ധരിപ്പിച്ചു. അവസാനവട്ട ചര്‍ച്ചകളിലും കെസി വേണുഗോപാലിനാണ് മുന്‍തൂക്കം. അന്‍പതിലേറെ എംഎല്‍എമാരുടെ പിന്തുണ കെസിക്കുണ്ടെന്നും, വി ഡി സതീശനും, രമേശ് ചെന്നിത്തലക്കും ഒറ്റയക്കമാണെന്നുമാണ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിലുള്ളത്. ജനപ്രതിനിധികളുടെ പിന്തുണ സംഖ്യ മറികടന്ന് മറ്റ് ഘടകങ്ങള്‍ സമീപകാലത്തൊന്നും ഹൈക്കമാന്‍ഡ് പരിഗണിച്ചിട്ടില്ല. ബുധനാഴ്ചയോടെ തീരുമാനം വന്നേക്കുമെന്ന സൂചനയാണ് നിലവിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button