കര്‍ണാടക ഭൂമി കുംഭകോണം;കൃത്യമായ മറുപടിയില്ലാതെ രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കര്‍ണാടക ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് തനിക്ക് എതിരെ ഉയര്‍ന്ന പരാതിയില്‍ കൃത്യമായ മറുപടിയില്ലാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണം ആയിരുന്നിട്ടും പതിവുപോലെ പിന്നില്‍ സിപിഐഎമ്മും കോണ്‍ഗ്രസുമാണെന്നുള്ള ഉഴപ്പന് ന്യായം പറയുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചെയ്യുന്നത്. സിപിഐഎമ്മും കോണ്‍ഗ്രസും വ്യാജപ്രാരണം നടത്തുകയാണെന്നും കെട്ടിച്ചമച്ച നുണകളുടെ പഴയ അടവ് ആണിതെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
പിണറായി വിജയന് സര്‍ക്കാരിന്റെയും രാഹുലിന്റെ കോണ്‍ഗ്രസിന്റെയും അഴിമതികള്‍ക്കെതിരെ ബിജെപി നടത്തുന്ന പ്രചാരണം കൊള്ളേണ്ടിടത്ത് കൊണ്ടതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിലെ അഴിമതി നിറഞ്ഞ രാഷ്ട്രീയ സംസ്കാരവും, ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും റിമോട്ട് കണ്ട്രോളില് പ്രവര്‍ത്തിക്കുന്ന ‘മതേതരത്വവും’ ശുദ്ധീകരിക്കാനാണ് കേരളത്തിലേക്ക് വന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മന്ത്രി വി എന്‍ വാസവന്റെ ഇടനിലക്കാരില്‍ നിന്ന് ദേവസ്വം ബോര്‍ഡുകളെയും ശുദ്ധീകരിക്കേണ്ടതുണ്ടെന്നും ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തിരിച്ചറിഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസിത കേരളം എന്നതാണ് പ്രധാന ലക്ഷ്യം. അതില്‍ മറ്റ് ചില ശുദ്ധീകരണങ്ങള്‍ കൂടി ആവശ്യമായുണ്ട്. ആ ശുദ്ധീകരണം പൂര്‍ത്തിയാക്കും. കേരളത്തില്‍ വികസനവും സമൃദ്ധിയും കൊണ്ടുവരുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതിയെക്കുറിച്ച് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചിട്ടില്ല.
ഡല്‍ഹി ഹൈക്കോടതി അഭിഭാഷകനായ കെ എന്‍ ജഗദേഷ് കുമാറാണ് രാജീവ് ചന്ദ്രശേഖറിനെതിരെ ഗുരുത ആരോപണവുമായി രംഗത്തെത്തിയത്. രാജീവ് ചന്ദ്രശേഖറിന് പുറമേ ഭാര്യ അഞ്ജലി ചന്ദ്രശേഖര്‍, ഭാര്യാ പിതാവ് അജിത് ഗോപാല്‍ നമ്പ്യാര്‍ എന്നിവര്‍ക്കെതിരെയും ആരോപണമുണ്ട്. ബിസിനസിനും ഫാക്ടറികള്‍ക്കും മറ്റും സഹായിക്കുന്ന കെഐഎഡിബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്മെന്റ് ബോര്‍ഡ്)യില്‍ നിന്നുമെടുത്ത ഭൂമി വിറ്റ് 500 കോടിയോളം രാജീവ് ചന്ദ്രശേഖരിന്റെ കുടുംബം കൈക്കലാക്കിയെന്നാണ് ജഗദേഷ് കുമാറിന്റെ ആരോപണം.
1994ല്രാജീവ് ചന്ദ്രശേഖരിന്റെ കുടുംബത്തിന് കെഐഎഡിബി വഴി ലഭിച്ച ഭൂമി മാരുതി സുസുക്കി അടക്കമുള്ള കമ്പനികള്‍ക്ക് വലിയ തുകയ്ക്ക് മറിച്ച് വിറ്റെന്ന ആരോപണമാണ് പരാതിക്കാരന് ഉന്നയിച്ചത്. ബിപിഎല്‍ ഫാക്ടറിക്ക് വേണ്ടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും പിതാവും ഭൂമി വാങ്ങിയതെന്ന് പരാതിക്കാരനായ ജഗദേഷ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ഭാര്യയും ഭാര്യപിതാവും ഇതിന്റെ ഡയറക്ടര്‍മാരാണ്. കെഐഎഡിബി കരാര്‍ പ്രകാരം മൂന്ന് മാസത്തിനകം പ്ലാന്‍ നല്‍കുമെന്നും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും പറഞ്ഞു.
എന്നാല്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷവും അതിലൊരു ഇഷ്ടിക പോലും അവര്‍ വെച്ചിട്ടില്ല. പദ്ധതി പ്രകാരം അവര്‍ ആറ് കോടി നിക്ഷേപം നടത്തി. 2009ല്‍ ഇത് മാരുതി കമ്പനി അടക്കമുള്ള വന്‍കിട കമ്പനികള്‍ക്ക് മറിച്ചു വിറ്റുവെന്നും ജഗദേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.


