വയനാട്ടിൽ പി ഗഗാറിനെ വോട്ടെടുപ്പിലൂടെ തോൽപ്പിച്ച് യുവനേതാവ് കെ റഫീക്ക് സിപിഎം ജില്ലാ സെക്രട്ടറി. അപ്രതീക്ഷിതമായാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നത്. നിലവിൽ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ് റഫീക്ക്
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 അംഗകമ്മറ്റിയിൽ ഭൂരിഭാഗം പേരും റഫീക്കിനെ പിന്തുണയ്ക്കുകയായിരുന്നു. വോട്ടെടുപ്പിൽ 16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഗഗാറിന് പതിനൊന്ന് വോട്ടാണ് ലഭിച്ചത്. ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയിൽ ഗഗാറിനെതിരെ ഒരുവിഭാഗം രംഗത്ത് എത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ചയും ഒരുവിഭാഗം ഗഗാറിനെതിരെ ആയുധമാക്കിയിരുന്നു.