
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സോണിയാഗാന്ധിയെ ബന്ധപ്പെടുത്തി ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍, അവരുടെ തലയില്‍ നെല്ലിക്കാത്തളം വെയ്‌ക്കേണ്ട സമയമായി എന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സോണിയയ്ക്ക് ഇറ്റലിയിലെ പുരാവസ്തു വ്യാപാരികളുമായി ബന്ധമുണ്ടെന്ന ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകും. ഇപ്പോള്‍ നടക്കുന്നത് പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ്. ഇതേരീതിയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നതെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കകം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉള്‍പ്പെടെ ജാമ്യം കിട്ടുന്ന അവസ്ഥ ഉണ്ടാകും. അതിനെതിരെ ശക്തമായ സമരം നടത്തും. ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം വന്നോട്ടെ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. എസ്‌ഐടിയുടെ അന്വേഷണം ഇന്നലെ വരെ വന്ദേഭാരത് ട്രെയിനിന്റെ സ്പീഡിലായിരുന്നെങ്കില്‍, ഇപ്പോള്‍ പാസഞ്ചര്‍ ട്രെയിനിന്റെ അവസ്ഥയിലേക്ക് പോയിരിക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു. യുഡിഎഫില്‍ മുസ്ലിം ലീഗ് എപ്പോഴും ന്യായമായ ആവശ്യങ്ങള്‍ മാത്രം ഉന്നയിക്കുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസും ലീഗുമായിട്ട് സീറ്റ് തര്‍ക്കം ഉണ്ടാകില്ല. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചുകൊള്ളാമെന്നും കെ മുരളീധരന്‍ പറഞ്ഞു.
ഒരു റിപ്പോര്‍ട്ടറെ പേരു നോക്കി വര്‍ഗീയ വാദിയെന്ന് വിളിച്ച് ആക്ഷേപിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രവൃത്തി ശരിയല്ല. വെള്ളാപ്പള്ളി ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ നോക്കണം. എല്ലാവരെയും ഒരുപോലെ കണ്ട ശ്രീനാരായണ ഗുരുവിന്റെ കസേരയിലാണ് ഇരിക്കുന്നതെന്ന് ഓര്‍മവേണം. ഇത്തരത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഭൂഷണമാണോ?. ഇത്രയും നല്ല ബന്ധമുണ്ടായിട്ടും അതു തിരുത്തിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. സിപിഎമ്മിനെക്കുറിച്ച് പറയുന്നതിനെ സ്വാഗതം ചെയ്യുകയും മറ്റുള്ളവരെക്കുറിച്ച് പറയുന്നതിനോട് മൗനം പാലിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി മതേതരവാദിയെന്ന് വിളിച്ചത് ശരിയായില്ല.
വെള്ളാപ്പള്ളിക്ക് തെറ്റു പറ്റിയാല്‍ അതു ചൂണ്ടിക്കാണിച്ച് തിരുത്തിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്. കാരണം അദ്ദേഹം മുഖ്യമന്ത്രിയുടെ കൂടെയാണ്. യുഡിഎഫിനെ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുമുണ്ട്. ഞങ്ങള്‍ വെള്ളാപ്പള്ളിയെ വന്ദിക്കാനുമില്ല, നിന്ദിക്കാനുമില്ല. അതേസമയം അദ്ദേഹത്തിന്റെ ഈ സമീപനങ്ങളോട് ഒരു തരത്തിലും യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ നിലപാട് തെറ്റാണ്. അതിനോടു ഒരു തരത്തിലും യോജിക്കാന്‍ നിവൃത്തിയില്ല. ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ടു കച്ചവടം നടന്നിട്ടുണ്ട്. ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് കൂട്ടത്തോടെ വോട്ടു ചേര്‍ത്തപ്പോള്‍ ബിഎല്‍ഒമാരെല്ലാം എവിടെ പോയിരിക്കുകയായിരുന്നു. അവരെല്ലാവരും ബിജെപിക്കാരാണോ? . ബഹുഭൂരിപക്ഷവും സിപിഎമ്മുകാരാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപിക്ക് 50 സീറ്റ് ലഭിച്ചെങ്കിലും, അവരുടെ ഭൂരിപക്ഷം നിയോജകമണ്ഡലങ്ങളില്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. യുഡിഎഫില്‍ ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.



