തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് ജി. സുധാകരന്‍

ആലപ്പുഴ: തോട്ടപ്പള്ളി നാലുചിറ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. എച്ച് സലാം എംഎല്‍എ ജി സുധാകരന്റെ വീട്ടിലെത്തിയാണ് ചടങ്ങിന് ക്ഷണിച്ചത്. തോട്ടപ്പള്ളി നാലുചിറ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്. ക്ഷണിക്കുന്നതിനായി എച്ച് സലാം വീട്ടിലെത്തിയപ്പോള്‍ ജി സുധാകരന്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ക്ഷണക്കത്തും നോട്ടീസും വീട്ടില്‍ ഏല്‍പ്പിച്ച് മടങ്ങുകയായിരുന്നു.
സുധാകരന്‍ മന്ത്രി ആയിരുന്നപ്പോഴാണ് പാലത്തിന് അനുമതി നല്‍കുന്നതും നിര്‍മ്മാണം ആരംഭിക്കുന്നതും. പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസില്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും എംപിക്കുമൊപ്പം സുധാകരന്റെ പേരും ഫോട്ടോയും ഉണ്ടായിരുന്നു. ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു ജി സുധാകരന്‍. എന്നാല്‍, സിപിഎം തോട്ടപ്പള്ളി ലോക്കല്‍ കമ്മറ്റി പുറത്തിറക്കിയ പാലം ഉദ്ഘാടന നോട്ടീസില്‍ ജി സുധാകരന്റെ പേര് ഒഴിവാക്കിയിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷമാണ് സര്‍ക്കാര്‍ പരിപാടിയില്‍ ജി സുധാകരന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തുന്നത്. പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച അമ്പലപ്പുഴ നാലുചിറ പാലം ഉദ്ഘാടനത്തിനായുള്ള പ്രോഗ്രാം നോട്ടീസിലാണ് ജി സുധാകരന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റിലാണ് ജി സുധാകരന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് നാലുചിറ പാലം കൊണ്ടുവന്നത്. ഏറെ നാളുകള്‍ക്കുശേഷമാണ് ജി സുധാകരനെയും ഉള്‍പ്പെടുത്തികൊണ്ട് സര്‍ക്കാര്‍ ഉദ്ഘാടന പരിപാടിയുടെ നോട്ടീസ് ഇറക്കുന്നത്. അതൃപ്തി തുടരുന്ന ജി സുധാകരനെ നേരത്തെ സിപിഎം നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

