InternationalNews

ഐ ഡോണ്ട് ലൈക്ക് ഇറ്റ് ; ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ സമാധാന നിർദ്ദേശത്തെ പൂർണ്ണമായും തള്ളി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഒട്ടും സ്വീകാര്യമല്ല എന്ന് വിശേഷിപ്പിച്ചാണ് അമേരിക്കൻ പ്രസിഡന്‍റ് നിർദേശം തള്ളിയത്. പാകിസ്ഥാൻ മധ്യസ്ഥർ മുഖേന ഇറാൻ സമർപ്പിച്ച മറുപടി താൻ വായിച്ചുവെന്നും എന്നാൽ ഇതിലെ വ്യവസ്ഥകളോട് തനിക്ക് വിയോജിപ്പാണെന്നും ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി. ഇറാന്‍റെ ഭരണപ്രതിനിധികൾ അയച്ച മറുപടി ഒട്ടും തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാധാന നീക്കത്തിന്‍റെ ഭാഗമായാണ് പാകിസ്ഥാൻ വഴി ഇറാൻ തങ്ങളുടെ പുതിയ നിർദ്ദേശങ്ങൾ വാഷിംഗ്ടണിന് കൈമാറിയത്. എന്നാൽ ഇറാന്‍റെ ആണവ പദ്ധതികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇറാന്‍റെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്ന അമേരിക്കയുടെ കർശന ഉപാധിയെ ടെഹ്‌റാൻ ശക്തമായി എതിർക്കുന്നതാണ് നിലവിലെ തടസം.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടിയതോടെ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുകയാണ്. വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് ഒരു ശാശ്വത വെടിനിർത്തലിലേക്കുള്ള പാത ദുഷ്കരമാക്കുന്നു. വരും ദിവസങ്ങളിൽ അമേരിക്ക കൂടുതൽ കർശനമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ആദ്യം യുദ്ധം നിർത്തൽ, പിന്നെ ഹോർമൂസ് തുറക്കൽ, ഉപരോധങ്ങൾ നീക്കിയ ശേഷം പിന്നീട് ആണവ ചർച്ചയെന്നായിരുന്നു ഇറാൻ നേരത്തെ നൽകിയ നിലപാട്. കീഴടങ്ങലോ വിട്ടുവീഴ്ച്ചയോ ഉണ്ടാവില്ലെന്ന് ഇന്നും ഇറാൻ പ്രസിഡന്‍റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button