
തനിക്കും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കിയെന്നാരോപിച്ച് സിപിഎം നേതാവും എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ കെജെ ഷൈന്‍ നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേത്വത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്ട് വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. പറവൂരിലെ വീട്ടിലെത്തി പൊലീസ് ഷൈനിന്റെ മൊഴിയെടുത്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സിആര്‍ ഗോപാലകൃഷ്ണന്‍, യൂട്യൂബര്‍ കെഎം ഷാജഹാന്‍, എന്നിവര്‍ക്കെതിരെയാണ് കേസ്. മെട്രോ വാര്‍ത്ത പത്രത്തിനെതിരെയും കേസ് ഉണ്ട്.
നേരത്തെ നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണസംഘത്തെ അറിയിച്ചുവെന്ന് ഷൈന്‍ പറഞ്ഞു. അന്വേഷണ വിധേയനായ സ്വന്തം എംഎല്‍എയെ രക്ഷിക്കാന്‍ പലവഴിയും നോക്കിയിട്ടും അതിന് കഴിയാത്ത യുഡിഎഫ് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയതാണ് തനിക്കെതിരെയുള്ള ആരോപണങ്ങളെന്നും ഷൈന്‍ പറഞ്ഞു.




