National

ഇന്ത്യയിലെ ആദ്യ വനിതാ സ്‌കൂബാ ടീം ഇനി അഗ്നിരക്ഷാ സേനയുടെ ഭാഗം

വെള്ളത്തിനടിയില്‍ 30 മീറ്റര്‍ വരെ ആഴത്തില്‍ ഡൈവ് ചെയ്യാനും വിവിധതരം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള പരിശീലനം നേടിയ പതിനേഴു മിടുമിടുക്കിമാര്‍ ഇനി അഗ്‌നിരക്ഷാ സേനയുടെ ഭാഗം. ഇന്ത്യയിലെ ആദ്യ വനിതാ സ്‌കൂബാ ടീമാണ് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്.

ഗാനെറ്റ്സ് എന്ന പേരുള്ള സ്‌കൂബാടീം തൃശൂര്‍ രാമവര്‍മപുരത്തെ ഫയര്‍ അക്കാദമിയിലെ നീന്തല്‍ക്കുളത്തില്‍ നടത്തിയ പ്രകടനത്തിന് സാക്ഷ്യം വഹിച്ചത് മുഖ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമാണ്. വെള്ളത്തിനടിയിലുള്ള വിവിധ ഡൈവിങ് സ്‌കില്ലുകള്‍, രക്ഷാപ്രവര്‍ത്തന രീതികള്‍ എന്നിവയില്‍ ഇവര്‍ വിദഗ്ധര്‍. അഗ്നി രക്ഷാസേനയുടെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞവര്‍ഷം നിയമിതരായ 100 ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വനിതാ ഓഫീസര്‍മാരിലെ സാഹസികത ഇഷ്ടപ്പെടുന്ന ഓഫീസര്‍മാര്‍ക്കാണ് സ്‌കൂബ ഡൈവിങ്ങില്‍ പരിശീലനം നല്‍കിയത്. ഫോര്‍ട്ടുകൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജലസുരക്ഷ വിദഗ്ധ പരിശീലനകേന്ദ്രത്തിലായിരുന്നു പരിശീലനം. അഗ്നി രക്ഷാ സേനയുടെ പുരുഷ സ്‌കൂബാ ഡൈവര്‍മാര്‍ക്കൊപ്പം എല്ലാ ജില്ലകളിലും ഇനി ഇവരുടെ സേവനവും ലഭിക്കും. മുഖ്യമന്ത്രി അംഗങ്ങള്‍ക്ക് ബാഡ്ജും വിതരണം ചെയ്തു.

ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തില്‍ പ്രതിവര്‍ഷം ആയിരത്തിലധികം പേര്‍ ജലാശയ അപകടങ്ങളില്‍ മരിക്കുന്നുണ്ട്. സംസ്ഥാനത്ത് റോഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപകടമുണ്ടാകുന്നത് ജലാശയങ്ങളിലാണ്. ഇത് കണക്കിലെടുത്താണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജലസുരക്ഷ വിദഗ്ധ പരിശീലന കേന്ദ്രം ആരംഭിച്ചതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പിഎസ് സേതു പാര്‍വതി, അപര്‍ണകൃഷ്ണന്‍, ശ്രുതി ആര്‍രാജു, കെ അപര്‍ണ, അമേയ രാജ്, നീതു നെല്‍സണ്‍, ആര്യ സുരേഷ്, സിമില്‍ ജോസ്, സ്നേഹ ദിനേഷ്, നിഷിദ റഷീദ്, കെഎന്‍ നിത്യ, എം അനുശ്രീ, കെഎം ഗീതുമോള്‍, അഷിത കെ സുനില്‍, സിഎസ് ജെന്‍സ, ഡി സ്വാതി കൃഷ്ണ, പിഎല്‍ ശ്രീഷ്മ എന്നിവരാണ് 17 അംഗ സ്‌കൂബാ വനിതാ ടീമിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button