ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിരമിച്ചു; പ്രഖ്യാപനം നടത്തിയത് ഹിറ്റ്മാന്‍ നേരിട്ട്

0

മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നാണ് ഹിറ്റ്മാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ജൂണില്‍ ട്വന്റി 20 ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെ അദ്ദേഹം കുട്ടി ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും ഏകദിന ഫോര്‍മാറ്റില്‍ താന്‍ ഇന്ത്യക്കായി കളിക്കുമെന്ന് 38കാരനായ രോഹിത് അറിയിച്ചിട്ടുണ്ട്.

നിലിവില്‍ ഐപിഎല്ലിലെ തന്റെ ടീമായ മുംബയ് ഇന്ത്യന്‍സിനൊപ്പമാണ് രോഹിത് ശര്‍മ്മ. ഐപിഎല്ലിന് ശേഷം അടുത്ത മാസമാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ പുതിയ നായകനായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് ഇതോടെ ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യ 3-1ന് പരാജയപ്പെട്ടിരുന്നു.ടെസ്റ്റില്‍ മോശം ഫോമില്‍ ബാറ്റ് വീശുന്ന രോഹിത് ഈ പരമ്പരയിലെ അവസാന മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

തന്റെ പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമായിരുന്നു ഈ പരമ്പരയില്‍ രോഹിത് ശര്‍മ്മ. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ബുംറയുടെ നേതൃത്വത്തിലാണ് ഇന്ത്യ പരമ്പരയിലെ ഒരേയൊരു ജയം കണ്ടെത്തിയത്. കുഞ്ഞ് പിറന്നതിനെ തുടര്‍ന്നാണ് അന്ന് രോഹിത് മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്.2013ല്‍ വെസ്റ്റിന്‍ഡീസിനെതിരെ കൊല്‍ക്കത്ത ടെസ്റ്റില്‍ സെഞ്ച്വറി നേടിക്കൊണ്ടാണ് രോഹിത് അരങ്ങേറിയത്. 67 മത്സരങ്ങളില്‍ നിന്നായി 12 സെഞ്ച്വറിയും 18 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 4301 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഹിറ്റ്മാന്റെ സമ്പാദ്യം. 212 റണ്‍സാണ് താരത്തിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍.

LEAVE A REPLY

Please enter your comment!
Please enter your name here