National

ടാക്സ് റീഫണ്ട് കാത്തിരിക്കുകയാണോ?; തട്ടിപ്പില്‍ വീഴരുത്, മുന്നറിയിപ്പുമായി കേന്ദ്രം

നികുതിദായകര്‍ക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. റിട്ടേണ്‍ സമര്‍പ്പിച്ച് റീഫണ്ട് കാത്തിരിക്കുന്നവരെയും സമയപരിധിക്കകം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മറന്നുപോയവരെയും ഉദ്ദേശിച്ചാണ് മുന്നറിയിപ്പ് നല്‍കിയത്. പിഴ ഒഴിവാക്കാന്‍ ഉടന്‍ തന്നെ പണം കൈമാറാന്‍ നിര്‍ബന്ധിച്ച് ഐടി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന തട്ടിപ്പ് കോളുകള്‍ വരാന്‍ സാധ്യതയുണ്ട്. സമയപരിധിക്കകം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മറന്നുപോയവരെ ലക്ഷ്യമിട്ടാണ് ഇത്തരം കോളുകള്‍ വരുന്നത്. കൂടാതെ ടാക്‌സ് റീഫണ്ടുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ അയച്ചും തട്ടിപ്പ് നടത്തിയേക്കാം. ഇതിലൊന്നും വീഴരുതെന്ന് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ഫോട്ടോകള്‍ പങ്കുവെച്ച് കൊണ്ടാണ് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. പിഴ ഒഴിവാക്കാന്‍ ഉടന്‍ തന്നെ പണം കൈമാറാന്‍ ആവശ്യപ്പെട്ട് നികുതിദായകരെ ഒരിക്കലും ആദായനികുതി വകുപ്പ് ഫോണിലൂടെ ബന്ധപ്പെടില്ല. ഇത്തരം കോളുകളെ സംശയാസ്പദമായി കണ്ട് ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇത്തരത്തിലുള്ള കോളുകളെ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ല. ഇത്തരം കോളുകള്‍ വന്നാല്‍ https://incometaxindia.gov.in/Pages/report-phishing.aspx ല്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഇതോടൊപ്പം റീഫണ്ടുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. 15000 രൂപയുടെ റീഫണ്ടിന് യോഗ്യത നേടിയെന്നും ലിങ്കില്‍ കയറി അക്കൗണ്ട് നമ്പര്‍ വെരിഫൈ ചെയ്യാനും ആവശ്യപ്പെട്ടുള്ളതാണ് സന്ദേശം. ഇത്തരം വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് തട്ടിപ്പില്‍ വീഴരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button