കോഴിക്കോട്: പന്തീരങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. പ്രതി ഷിബിന്‍ ലാല്‍ തട്ടിയെടുത്ത 40 ലക്ഷത്തില്‍, ഇനിയും കണ്ടെത്താനുള്ള 39 ലക്ഷം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഷിബിന്‍ ലാലിന്റെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയില്‍ പണം കണ്ടെത്തിയത്.
തട്ടിയെടുത്തതിന് പിന്നാലെ പണം പന്തീരാങ്കാവ് കൈമ്പാലം സ്വദേശിക്ക് കൈമാറിയിരുന്നുവെന്നായിരുന്നു ഷിബിന്‍ ലാല്‍ നല്‍കിയ മൊഴി. ഇത് വിശ്വസിച്ചിരുന്നില്ലെങ്കിലും പൊലീസിന് പണം കണ്ടെത്തായിരുന്നില്ല.കഴിഞ്ഞ ദിവസം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ഷിബിന്‍ ലാലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് പണം കണ്ടെത്താനായത്. പ്രതിയുമായി നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെത്തിയത്.
കഴിഞ്ഞ മാസം 11 നാണ് ഇസാഫ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് ഷിബിന്‍ ലാല്‍ പണം കവര്‍ന്നത്.ഷിബിന്റെ വാക്ക് വിശ്വസിച്ച് പന്തീരാങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണ്ണം ടേക്ക് ഓവര്‍ ചെയ്യാന്‍ നാല്‍പതു ലക്ഷം രൂപയുമായി എത്തിയ രാമാനാട്ടുകര ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരനില്‍ നിന്നാണ് പ്രതി പണം കവര്‍ന്നത്.നാല്‍പത് ലക്ഷം രൂപയുമായി സ്‌കൂട്ടറില്‍ രക്ഷപ്പെട്ട പ്രതി ഷിബിന്‍ ലാലിനെ പാലക്കാട് നിന്നും അന്വേഷണ സംഘം പിടികൂടി. എന്നാല്‍ പിടിയിലാകുമ്പോള്‍ അമ്പത്തയ്യായിരം രൂപ മാത്രമാണ് ഇയാളില്‍ നിന്നും കണ്ടെടുക്കാനായത്. തട്ടിയെടുത്ത ബാഗില്‍ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നെന്നും അതെടുത്ത ശേഷം ബാഗ് പന്തീരാങ്കാവ് ഭാഗത്ത് വലിച്ചെറിഞ്ഞുവെന്നും ഒരു ഘട്ടത്തില്‍ പ്രതി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് അന്വേഷണം വഴിതെറ്റിക്കാനാണെന്നുള്ള നിഗമനത്തിലായിരുന്നു പൊലീസ്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളാണ് കേസിന്റെ കുരുക്കഴിച്ചത്.