Kerala

കൊട്ടിയൂരിൽ കടുവ കുടുങ്ങിയത് കമ്പി വേലിയിലല്ല, കേബിൾ കെണിയിൽ? കേസെടുത്ത് വനംവകുപ്പ്

കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ കടുവ കമ്പി വേലിയിൽ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്. കടുവ കമ്പി വേലിയിൽ അല്ല കുടുങ്ങിയതെന്നും കേബിൾ കെണിയിലാണ് കുടുങ്ങിയതെന്നുമാണ് ഇപ്പോൾ വനംവകുപ്പ് വ്യക്തമാക്കുന്നത്. നേരത്തെ കമ്പി വേലിയിലാണ് കടുവ കുടുങ്ങിയതെന്നായിരുന്നു പറഞ്ഞിരുന്നത്. കടുവയെ മയക്കുവെടി വെച്ചതിനുശേഷം മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചത്തുപോവുകയായിരുന്നു. ആന്തരികാവയവങ്ങളിലെ അണുബാധയാണ് മരണത്തിന് കാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടത്തിൽ പറഞ്ഞിരുന്നത്. ഇതിനുപിന്നാലെയാണ് ഇപ്പോൾ കടുവ കുടുങ്ങിയത് തോട്ടത്തിൽ സ്ഥാപിച്ച കെണിയിലാണെന്ന് വനംവകുപ്പ് അധികൃതർ പറയുന്നത്.

ശ്വാസകോശത്തിലും വൃക്കയിലും കടുവയ്ക്ക് അണുബാധ ഉണ്ടായിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കാട്ടുപന്നികളെ ഉൾപ്പെടെ പ്രതിരോധിക്കുന്നതിനായാണ് കെണി സ്ഥാപിച്ചതെന്നും യാദൃശ്ചികമായല്ല കടുവ കുടുങ്ങിയതെന്നുമാണ് വനംവകുപ്പ് പറയുന്നത്. സ്ഥലം ഉടമയെ ചോദ്യം ചെയ്യാനാണ് വനംവകുപ്പിന്റെ നീക്കം. വാഹനത്തിൽ ഉപയോഗിക്കുന്ന കേബിളാണ് കെണിയാക്കിയതെന്നും റിപ്പോർട്ടുണ്ട്.

കെണിയിൽ കുടുങ്ങിയപ്പോഴുള്ള സമ്മർദവും കടുവയുടെ മരണകാരണമായിട്ടുണ്ടാവാമെന്ന് വനംവകുപ്പ് പറയുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി ജയപ്രസാദിനാണ് അന്വേഷണച്ചുമതല. വലതു ഭാഗത്തെ ഉളിപ്പല്ലു പോയതിനാൽ കാട്ടിൽ വിടാനാകാത്തതുകൊണ്ടാണ് കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റാൻ വനം വകുപ്പ് തീരുമാനിച്ചത്. കൊട്ടിയൂരിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി 9ന് കടുവയുമായി വനം വകുപ്പ് സംഘം പുറപ്പെട്ടു. തുടർന്ന് കൊണ്ടോട്ടിയിൽ വച്ച് കടുവ അനങ്ങുന്നില്ലെന്ന് കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button