Kerala

അനധികൃത സ്വത്ത് സമ്പാദനം: പികെ ഫിറോസിനെതിരെ ഇഡിക്ക് പരാതി നൽകി സി പിഎം നേതാവ്

മലപ്പുറം: പികെ ഫിറോസിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ ഇഡിക്ക് പരാതി. സിപിഎം പ്രാദേശിക നേതാവും മലപ്പുറം നെടുവ സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എ.പി മുജീബാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ഫിറോസിനെതിരെ പരാതി നൽകിയത്. കെടി ജലീലിന്റെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ യുവജന വിഭാഗമായ മുസ്ലിംയൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ ധനസമ്പാദനവും അതിശയിപ്പിക്കുന്ന സാമ്പത്തിക വളർച്ചയും പൊതുഫണ്ട് ദുർവിനിയോഗം ചെയ്തും നാട്ടിലെ സമ്പന്നരുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തു കൊണ്ടാണെന്ന് തവനൂർ എംഎൽഎ കെ ടി ജലീൽ പത്രസമ്മേളനം നടത്തി പറഞ്ഞിരിക്കുകയാണ്. പ്രത്യക്ഷത്തിൽ ഒരു ജോലിയോ പരമ്പരാഗത സ്വത്തോ ഇല്ലാത്ത പി.കെ ഫിറോസ് ഇന്നൊരു ലക്ഷപ്രഭുവാണ്. ഒറ്റക്കും കൂട്ടായും പല കച്ചവട സംരഭങ്ങളിലും അദ്ദേഹം പങ്കാളിയാണ്. കോഴിക്കോട്ട് ടാഗോർ സെൻ്റിനറി ഹാളിനടുത്ത് സംസം ഹോട്ടലിനു മുകളിൽ പഴയ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം വാടകക്കെടുത്ത് ലക്ഷങ്ങൾ മുടക്കി പുനരുദ്ധരിച്ചാണ് തൻ്റെ “Bluefin” (ട്രാവൽ ഏജൻസിയുടെ ഓഫീസ് അദ്ദേഹം ആരംഭിച്ചത്. കോടികൾ നിക്ഷേപം ആവശ്യമായ “BlueFin” വില്ലാ പ്രൊജക്ട് എന്ന മറ്റൊരു സംരഭവും ഫിറോസിന്റേതായി കോഴിക്കോട്ട് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ പത്തിരുപത് വർഷങ്ങൾക്കിടയിൽ മുസ്ലിം ലീഗിൻ്റെ വിദ്യാർത്ഥി സംഘടനയായ MSF-ൻ്റെ സെക്രട്ടറിയും അദ്ധ്യക്ഷനും പിന്നീട് യൂത്ത് ലീഗിൻ്റെ ജനറൽ സെക്രട്ടറിയുമായാണ് ടിയാൻ “സേവനം” ചെയ്തിരുന്നത്. സംഘടനാ കാര്യങ്ങൾക്കായി നടത്തുന്ന പിരിവുകളിൽ വ്യാപകമായി കൃത്രിമം നടത്തിയാണ് പി.കെ ഫിറോസ് തന്റെ കച്ചവട സ്ഥാപനങ്ങൾക്ക് പണം കണ്ടെത്തിയത് എന്ന ആക്ഷേപം യൂത്തുലീഗുകാർക്കിടയിൽ വ്യാപകമാണ്.

എംഎസ്എഫ് ഭാരവാഹിയായിരിക്കെ, ലക്ഷങ്ങൾ വിലവരുന്ന 15 സെൻ്റ് സ്ഥലം കുന്നമംഗലം വില്ലേജിൽ 2011-ലാണ് വയനാട് റോഡിൽ പതിമംഗലത്ത് അദ്ദേഹം സ്വന്തമാക്കിയത്. ഒരു കോടിയിലധികം രൂപ ചെലവിട്ട് നിർമ്മിച്ച ആഡംബര വീടുണ്ടാക്കാനും ടിയാന് എവിടെ നിന്നാണ് പണം ലഭിച്ചത് എന്ന കാര്യം നാട്ടുകാർക്ക് പോലും ദുരൂഹമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button