Kerala

മുന്നറിയിപ്പു നല്‍കിയിരുന്നോ?; അമിത് ഷായുടെ പ്രസ്താവനയില്‍ ആശയക്കുഴപ്പം

വയനാട്ടിലെ ഉരുള്‍പൊട്ടലിനെ സംബന്ധിച്ച് കേരളത്തിനെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയെത്തുടര്‍ന്ന്, സംസ്ഥാനത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏജന്‍സികള്‍ പ്രതിരോധത്തില്‍. കേന്ദ്ര ഏജന്‍സികള്‍ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല എന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.ഇന്ത്യ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് (ഐഎംഡി), ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ), സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ (സിഡബ്ല്യുസി) എന്നിവയിലെ ഉദ്യോഗസ്ഥരാണ് വിഷമസന്ധിയിലായത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആണോ മന്ത്രി അമിത് ഷാ പരാമര്‍ശിച്ചതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പരിശോധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് കേരള സര്‍ക്കാരിന് കേന്ദ്ര ഏജന്‍സികള്‍ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ പറഞ്ഞത്. കേരള സര്‍ക്കാരിന്റെ നിസംഗതയാണ് ഇത്രയും വലിയ ദുരന്തം വരുത്തിവെച്ചതെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ അമിത്ഷായുടെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷേധിച്ചിരുന്നു.ചീഫ് സെക്രട്ടറി വി വേണു ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര ഏജന്‍സികളുടെ ദൈനംദിന റിപ്പോര്‍ട്ടുകളും മുന്നറിയിപ്പുകളും ലഭിക്കുന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമില്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചശേഷമാണ് അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്.

പ്രത്യേക മുന്നറിയിപ്പ് നല്‍കാതിരുന്നതിനാല്‍ ദുരന്ത ലഘൂകരണത്തിന് ബുദ്ധിമുട്ട് നേരിട്ടു. പ്രതികൂല കാലാവസ്ഥയില്‍ ആളപായ സാധ്യതയുണ്ടെന്ന സൂചന നല്‍കുകയോ, റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുകയോ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) ചെയ്തില്ല. ഉരുള്‍പൊട്ടലുണ്ടായത് ജൂലൈ 30 പുലര്‍ച്ചെയാണ്. അന്നു രാവിലെ ആറു മണിക്കാണ് വയനാട്ടിലെ ഓറഞ്ച് അലര്‍ട്ട് മാറ്റി റെഡ് അലര്‍ട്ട് ആക്കിയതെന്നും സംസ്ഥാനം പറയുന്നു.24 മണിക്കൂറിനിടെ 200 മില്ലീമീറ്ററിലേറെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുന്നത്. ഐഎംഡിക്ക് വയനാട്ടില്‍ മൂന്ന് മഴ നിരീക്ഷണ കേന്ദ്രങ്ങളും ഏഴ് ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകളും മൂന്ന് ഓട്ടോമാറ്റിക് റെയിന്‍ ഗേജ് സ്റ്റേഷനുകളും ഉണ്ട്. കൂടാതെ, അവര്‍ക്ക് കൊച്ചിയില്‍ ഒരു റഡാര്‍ സംവിധാനമുണ്ട്. അതിലൂടെ വയനാട് പോലുള്ള വിദൂര സ്ഥലങ്ങളിലെ പോലും തത്സമയ കാലാവസ്ഥാ ഡാറ്റ അറിയാനാകും.

ഓരോ അരമണിക്കൂറിലും റഡാര്‍ ഡാറ്റ പരിശോധിക്കുന്നതാണ്. തുടര്‍ച്ചയായ മഴയെത്തുടര്‍ന്നുള്ള അപകടസാധ്യത സംബന്ധിച്ച് അധികൃതരെ അറിയിക്കേണ്ടതാണ്. ഐഎംഡിയുടെ കാലാവസ്ഥാ കേന്ദ്രം 280 മില്ലിമീറ്റര്‍ മാത്രം രേഖപ്പെടുത്തിയപ്പോള്‍, മറ്റ് ഏജന്‍സികളുടെ മഴ സ്റ്റേഷനുകളില്‍ കല്ലടിയിലും പുത്തുമലയിലും ചൊവ്വാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 372 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരുന്നത്. ഇതേക്കുറിച്ച് തിരുവനന്തപുരത്തെ കാലാവസ്ഥ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുകള്‍ നല്‍കേണ്ട മറ്റൊരു ഏജന്‍സിയായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ജൂലൈ 29 ഉച്ചയ്ക്ക് 2.30 മുതല്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ഗ്രീന്‍ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരുന്നത്. മഴയെ തുടര്‍ന്നുള്ള ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം അടുത്തിടെയാണ് സ്ഥാപിച്ചതെന്നും, അതിന്റെ പരീക്ഷണങ്ങള്‍ നടന്നുവരികയാണെന്നുമാണ് ജിഎസ്‌ഐയിലെ ഉദ്യോഗസ്ഥന്റെ വിശദീകരണം. കേന്ദ്ര ജലക്കമ്മീഷന്‍ ഇരവഞ്ഞിപ്പുഴയിലോ ചാലിയാറിലോ ജൂലൈ 23 മുതല്‍ 29 വരെ ഒരു പ്രളയ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button