Crime

തൊടുപുഴ ബിജു ജോസഫ് കൊലപാതകം; ജോമോന്റെ ഭാര്യയുടെ അറസ്റ്റ് ഉടന്‍

ഇടുക്കി: ഇടുക്കി തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതി ജോമോന്റെ ഭാര്യയുടെ അറസ്റ്റ് ഉടനുണ്ടാകും. തെളിവ് നശിപ്പിക്കലുള്‍പ്പെടെയുളള വകുപ്പ് ഇവര്‍ക്കെതിരെ ചുമത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളറിയാവുന്ന ജോമോന്റെ ഭാര്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ ഒളിവിലാണ്. ജോമോന്റെ ഭാര്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി മാറി നില്‍ക്കുകയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

അതേസമയം ബിജു കൊലപാതകത്തില്‍ ജോമോന്റെ ബന്ധുവായ ഉപ്പുതറ സ്വദേശി എബിന്‍ തോമസിനെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത് എബിന് അറിയാമായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കൊലപാതകത്തിന് ശേഷം ജോമോന്‍ ആദ്യം ഫോണില്‍ വിളിച്ച് ദൃശ്യം നാലാം ഭാഗം നടപ്പാക്കിയെന്ന് പറഞ്ഞതും എബിനോട് ആയിരുന്നു. ഇരുവരുടെയും ഫോണ്‍ സംഭാഷണ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും ശബ്ദ പരിശോധനയും അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ഗൂഡാലോചന, കുറ്റകൃത്യം മറച്ചുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അതേസമയം ജോമോന്‍, മുഹമ്മദ് അസ്‌ലം, ജോമിന്‍ കുര്യന്‍ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കഴിഞ്ഞമാസമാണ് പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാന്‍ ഹോളിനുള്ളില്‍ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button