Blog

ഗവർണറുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ വൈവയിൽ കാണാം; കാലടി സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് എച്ച്.ഒ.ഡിയുടെ ഭീഷണി

കൊച്ചി: കാലടി സർവകലാശാല ശങ്കര ജയന്തി ആഘോഷ പരിപാടിയിൽ നിസ്സഹകരണമെങ്കിൽ കാണേണ്ട പോലെ കാണേണ്ടി വരുമെന്ന് വകുപ്പ് മേധാവിയുടെ താക്കീത്. ഗവേഷകർ ഉൾപ്പെടുന്ന വിദ്യാർത്ഥികളോടാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ സംസ്കൃതം വ്യാകരണം വിഭാഗം എച്ച്ഒഡി ഓഡിയോ സന്ദേശം അയച്ചത്. വകുപ്പിൽ നടക്കുന്ന യാത്രയയപ്പ് പരിപാടിയിലും, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന പരിപാടിയിലും സാന്നിധ്യം ഇല്ലെങ്കിൽ അതിൻ്റെ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. 

പി എച്ച് ഡി കോഴ്സ് വൈവയിലും ഇക്കാര്യങ്ങളെല്ലാം പ്രതിഫലിക്കുമെന്നും അധ്യാപകൻ സുനിൽകുമാർ ആർ ഡി അയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നു. അതേസമയം, സദുദ്ദേശത്തിലാണ് അത്തരം ഓഡിയോ ഗ്രൂപ്പിൽ അയച്ചതെന്നാണ് അധ്യാപകന്റെ വിശദീകരണം. വിദ്യാർത്ഥികൾ വകുപ്പുമായി സഹകരിക്കാത്തത് അക്കാദമികമായും ബാധിക്കുമെന്നും അതുകൊണ്ടാണ് നിർബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാർത്ഥികളുടെ ആവശ്യപ്പെട്ടതെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.

ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ നേരത്തെ വിവാദമായിരുന്നു. ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ​ഗവർണർ എത്തുന്ന പരിപാടിക്ക് കർശന നിർദേശങ്ങളോടെ ആയിരുന്നു സർക്കുലർ പുറത്തിറക്കിയത്. പരിപാടിക്ക് ​ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണം, മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണം, പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കണം, പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണം, ഗവർണർ മടങ്ങും വരെ ആരും ഹാൾ വിട്ടു പുറത്ത് പോകരുത് തുടങ്ങി കർശന നിർദേശങ്ങളായിരുന്നു സർക്കുലറിൽ ഉൾപ്പെടുത്തിയിരുന്നത്. വിവാദമായതിന് പിന്നാലെ കാലടി സർവകലാശാല സർക്കുലർ പിൻവലിച്ചിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button