KeralaNews

സിദ്ധാര്‍ത്ഥൻ ജീവനൊടുക്കിയ സംഭവം; പ്രതികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവെച്ചു

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങ്ങിനിരയായി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി. പ്രതികളായ 19 വിദ്യാര്‍ത്ഥികളുടെ പഠനമാണ് സര്‍വകലാശാല തടഞ്ഞത്. മൂന്നുവര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ക്യാംപസിലും പ്രവേശനം നേടാനാകില്ല. സിദ്ധാര്‍ത്ഥിന്റെ അമ്മ എം ആര്‍ ഷീബയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പ്രതികള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് മറ്റൊരു സര്‍വകലാശാലയിലോ ക്യാംപസിലോ പഠനത്തിനുളള സൗകര്യം ഒരുക്കരുതെന്ന് ആന്റി റാഗിങ് കമ്മിറ്റി നല്‍കിയ അടിയന്തര റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

ജനുവരിയില്‍ പ്രതികള്‍ക്ക് പഠനം തുടരാന്‍ സര്‍വകലാശാല അനുമതി നല്‍കിയിരുന്നു. ആന്റി റാഗിങ് കമ്മിറ്റി അന്വേഷണത്തിനു പിന്നാലെ പഠനവിലക്ക് നേരിട്ട വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സര്‍വകലാശാല ഇവര്‍ക്ക് പഠനം തുടരാന്‍ അനുമതി നല്‍കിയത്.. മണ്ണൂത്തി ക്യാംപസില്‍ താല്‍ക്കാലികമായി പഠനം തുടരാമെന്നാണ് സര്‍വകലാശാല വിദ്യാര്‍ത്ഥികളെ അറിയിച്ചത്. ഹോസ്റ്റല്‍ സൗകര്യം അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ 19 വിദ്യാര്‍ത്ഥികൾക്കെതിരെ വെറ്റിനറി സർവ്വകലാശല നേരത്തെ നടപടിയെടുത്തിരുന്നു. 19 പേര്‍ക്ക് മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്ത് സിദ്ധാർത്ഥൻ്റെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകിയതിൻ്റെ പിന്നാലെയായിരുന്നു സർവ്വകലാശാലയുടെ നടപടി. കേസിൽ പത്തൊൻപത് വിദ്യാർത്ഥികളും കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും സര്‍വകലാശാല കോടതിയെ അറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരായി സ്വീകരിച്ച നടപടിയും വെറ്ററിനറി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. ഈ നടപടി ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് സർവ്വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി ഇപ്പോൾ ഇത്തരവിട്ടിരിക്കുന്നത്.

2024 ഫെബ്രുവരി 18-നാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിനു മുന്‍പ് സിദ്ധാര്‍ത്ഥ് ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ബെല്‍റ്റ്, കേബിള്‍ വയര്‍ എന്നിവ കൊണ്ട് മര്‍ദിച്ചതിന്റെ പാടുകള്‍ സിദ്ധാര്‍ത്ഥിന്റെ ശരീരത്തിലുണ്ടായിരുന്നു. ഇതോടെ മകന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥിന്റെ കുടുംബം രംഗത്തെത്തി. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സര്‍വകലാശാല അധികൃതരുടെ വീഴ്ച്ചകള്‍ പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുന്‍ വി സി എം ആര്‍ രവീന്ദ്രനാഥിനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button