കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്ന് വീണ് ഒരു സത്രീ മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തിലെ ആരോഗ്യരംഗം നാഥനില്ലാ കളരിയായി മാറുന്നുവെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. എല്ലാ മെഡിക്കല്‍ കോളേജിലും ബില്‍ഡിംഗ് ഓഡിറ്റ് നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാര്‍ നടത്തിയത് വലിയ തെറ്റിദ്ധരിപ്പിക്കലാണ്. മറിച്ചായിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു.
എന്തുകൊണ്ട് രക്ഷാപ്രവര്‍ത്തനം വൈകി എന്ന് അന്വേഷിക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനം വൈകിയതിന് ആരോഗ്യമന്ത്രി മറുപടി പറയണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അതേ സമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള ഡോക്ടര്‍ ഹാരിസിന്‌റെ വെളിപ്പെടുത്തലിലും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ഹാരിസ് ഡോക്ടര്‍ ഗത്യന്തരമില്ലാതെ പറഞ്ഞു പോയതാണെന്നും അപര്യാപ്തതകള്‍ ഒരു ഡോക്ടര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് പരിഹരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നം പരിഹരിക്കുന്നതിന് പകരം അത് പറഞ്ഞ ഡോക്ടറെ ഒറ്റപ്പെടുത്തുകയാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. യുഡിഎഫിനെ കുറ്റം പറഞ്ഞ് എങ്ങനെ സര്‍ക്കാര്‍ തുടരുമെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഇന്ന് രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ കാലപ്പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണത്.