‘ഷി ഈസ് എ ബ്രസീലിയൻ മോഡൽ’, 10 ബൂത്തിലായി 22 വോട്ട് ചെയ്തു, ഹരിയാനയിൽ രേഖപ്പെടുത്തിയ എട്ടിൽ ഒരെണ്ണം കള്ളവോട്ട്

ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയത് വോട്ടർ ലിസ്റ്റിൽ വലിയ തോതിലുള്ള ക്രമക്കേട് വഴിയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. 25 ലക്ഷത്തിലധികം വ്യാജ വോട്ടുകൾ നടന്നുവെന്ന തെളിവുകൾ സഹിതമാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. ഹരിയാനയിൽ രേഖപ്പെടുത്തിയ എട്ടിൽ ഒരു വോട്ടും കള്ളവോട്ടാണെന്നാണ് രാഹുലിന്റെ ആരോപണം.
ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് പത്തു പോളിംഗ് ബൂത്തുകളിൽ 22 തവണ വോട്ട് രേഖപ്പെടുത്തിയതായി രാഹുൽ പുറത്തുവിട്ട തെളിവുകൾ കാണിക്കുന്നു. സീമ, സ്വീറ്റി, സരസ്വതി എന്നീ വ്യാജ പേരുകളിലാണ് ഈ വോട്ടുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരേ സ്ത്രീ 223 തവണ വോട്ടു ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ നൽകാത്തത് ക്രമക്കേട് മറയ്ക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
കോൺഗ്രസിനെ പരാജയപ്പെടുത്താൻ നിശ്ചിത തന്ത്രപൂർവ്വമായ ഓപ്പറേഷൻ നടന്നുവെന്ന് രാഹുൽ പറഞ്ഞു. എട്ട് മണ്ഡലങ്ങളിൽ 22 മുതൽ 4000 വരെ വോട്ട് വ്യത്യാസത്തിലാണ് ഫലം വന്നതെന്നും രേഖകൾ സഹിതം അദ്ദേഹം വിശദീകരിച്ചു. ആകെ 25 ലക്ഷം വ്യാജ വോട്ടുകളും 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകളും ഉണ്ടായിരുന്നു. 93,174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തിലധികം ബൾക്ക് വോട്ടുകളുമാണ് കണ്ടെത്തിയതെന്ന് രാഹുൽ ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മൂന്ന് ലക്ഷത്തിലധികം പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു, ഇതിൽ ഭൂരിഭാഗവും കോൺഗ്രസ് വോട്ടർമാരാണെന്ന് അദ്ദേഹം പറഞ്ഞു. റായ് മണ്ഡലത്തിൽ ലോക്സഭയിൽ വോട്ട് ചെയ്ത ആളുകൾക്ക് നിയമസഭയിൽ വോട്ട് ചെയ്യാനാകാതെ പോയതായി രാഹുൽ ഉദാഹരണം നൽകി.
“ഹരിയാനയിൽ തെരഞ്ഞെടുപ്പ് നടന്നില്ല, മോഷണമാണവിടെ നടന്നത്. ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള ശ്രമമാണ് ഇത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് കൂട്ടുനിന്നു. അടുത്ത ലക്ഷ്യം ബീഹാറാണ്,” എന്നു രാഹുൽ ഗാന്ധി ആരോപിച്ചു.




