KeralaNews

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരണം; ശുദ്ധി കര്‍മ്മങ്ങള്‍ നാളെ

ഹൈക്കോടതിയുടെ നിരോധനം മറികടന്ന് റീല്‍സ് ചിത്രീകരണം നടത്തിയ സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ നാളെ ശുദ്ധി കര്‍മ്മങ്ങള്‍. ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ആചാരവിരുദ്ധമായി ഒരു അഹിന്ദു വനിത ഇറങ്ങി വീഡിയോ ഷൂട്ടിങ് നടത്തിയതിനെ തുടര്‍ന്ന് അശുദ്ധിയായതിനാല്‍ നാളെ ശുദ്ധി കര്‍മ്മങ്ങള്‍ നടക്കുമെന്നും കാലത്ത് അഞ്ചുമുതല്‍ ഉച്ചവരെ ദര്‍ശന നിയന്ത്രണം ഉണ്ടായിരിക്കുമെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

പുണ്യാഹകര്‍മ്മങ്ങള്‍ കഴിഞ്ഞശേഷം വൈകുന്നേരം മാത്രമേ ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി നാലമ്പലത്തിനകത്തയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. അതിനാല്‍ ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം സംഭവത്തില്‍ യൂട്യൂബര്‍ ജാസ്മിന്‍ ജാഫര്‍ ക്ഷമാപണം നടത്തിയിരുന്നു. യുവതിക്കെതിരെ ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമത്തിലാണ് ക്ഷമാപണം നടത്തുന്ന കുറിപ്പ് പങ്കുവച്ചത്.

”എന്നെ സ്‌നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വിഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസ്സിലാക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നു വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു”,- ജാസ്മിന്‍ ജാഫര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ജാസ്മിന്‍ റീല്‍സ് ആയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ ആറാട്ട് പോലെയുള്ള ചടങ്ങുകള്‍ നടക്കുന്ന തീര്‍ഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയില്‍ വിഡിയോ ചിത്രീകരിച്ചതിന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ ടെംപിള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button