Kerala

പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാൻ കേന്ദ്രം അഞ്ചാമത് കരട് വിജ്ഞാപനമിറക്കി

പശ്ചിമ ഘട്ടത്തിലെ 56000 സ്ക്വയർ കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള അഞ്ചാമത്തെ കരട് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ആറ് സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന പശ്ചിമ ഘട്ട മലനിരകളിൽ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നത് വയനാട്ടിലെ ദുരന്ത ഭൂമി അടക്കം 13 വില്ലേജുകൾ കൂടിയാണെന്ന് കരടിൽ വ്യക്തമാക്കിയിട്ടുണ്ട്. കരട് സംബന്ധിച്ചുള്ള എതിർപ്പുകൾ 60 ദിവസത്തിനുള്ളിൽ അറിയിക്കണം. വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി തൊട്ടടുത്ത ദിവസമാണ് (ജൂലൈ 31) കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനത്ത് 9993.7 സ്ക്വയർ കിലോമീറ്റർ വരുന്ന പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നത്. വയനാട്ടിലെ 2 താലൂക്കുകളിലെ 13 വില്ലേജുകൾ ഇതിൽ ഉൾപ്പെടും.

രാജ്യത്താകെ ഗുജറാത്ത് (449 സ്ക്വയർ കിലോമീറ്റർ) മഹാരാഷ്ട്ര (17340 സ്ക്വയർ കിലോമീറ്റർ), ഗോവ (1461 സ്ക്വയർ കിലോമീറ്റർ), കർണാടക (20668 സ്ക്വയർ കിലോമീറ്റർ), തമിഴ്‌നാട് (6914 സ്ക്വയർ കിലോമീറ്റർ) എന്നിവയ്ക്കൊപ്പമാണ് കേരളത്തിലെ പശ്ചിമ ഘട്ട മലനിരകളും ഇതിലുൾപ്പെടുന്നത്.പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാൽ മേഖലയിൽ ഖനനം, ക്വാറി, മണൽ ഖനനം, എന്നിവ അഞ്ച് വർഷത്തിനുള്ളിൽ പൂർണമായും ഇല്ലാതാക്കും. നിലവിലുള്ള ക്വാറികളുടെ അടക്കം അനുമതി പരമാവധി അഞ്ച് വർഷത്തേക്കോ അല്ലെങ്കിൽ നിലവിലെ ലൈസൻസിൻ്റെ കാലാവധി പൂർത്തിയാകുന്നത് വരെയോ മാത്രമേ ലഭിക്കൂ. ഈ മേഖലയിൽ പുതിയ താപവൈദ്യുത നിലയം ആരംഭിക്കുന്നതിനും വിലക്കുണ്ടാവും. എന്നാൽ നിലവിലുള്ള താപവൈദ്യുത നിലയങ്ങൾക്ക് തുടർന്നും പ്രവർത്തിക്കാനാവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button