സ്വര്‍ണ്ണപ്പാളി വിവാദം; സമരം പ്രഖ്യാപിച്ച് യുഡിഎഫും ബിജെപിയും

സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. കോണ്‍ഗ്രസിന് പുറമേ യുഡിഎഫും സമരമുഖത്തേക്ക്. ചെങ്ങന്നൂരില്‍ നിന്നും പന്തളത്തേക്ക് യുഡിഎഫ് പദയാത്ര സംഘടിപ്പിക്കും. കോണ്‍ഗ്രസിന്റെ മേഖല ജാഥകള്‍ ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കും. യുഡിഎഫ് പദയാത്ര വൈകുന്നേരത്തെ യുഡിഎഫ് യോഗത്തില്‍ തീരുമാനമാകും.
ബിജെപിയും വിഷയത്തില്‍ സമരം പ്രഖ്യാപിച്ചു. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച അതേ ശക്തികളാണ് മോഷണത്തിന് പിന്നിലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് കുറ്റപ്പെടുത്തി. നാളെ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തും. 9, 10 തിയതികളില്‍ എല്ലാ ജില്ലാ ആസ്ഥാനത്തും മാര്‍ച്ച് നടത്തും. തുടര്‍ന്ന് പഞ്ചായത്ത് തല സമരം നടത്തും. സെക്രട്ടറിയേറ്റിന് മുന്നില്‍ പിന്നീട് സമര കേന്ദ്രമാക്കുമെന്ന് എംടി രമേശ് പറഞ്ഞു.
സമരം ഏറ്റെടുക്കാന്‍ ബിജെപി ഒട്ടും താമസിച്ചിട്ടില്ലെന്നും ദിവസങ്ങളായി തങ്ങള്‍ സമര രംഗത്താണെന്നും എംടി രമേശ് പറഞ്ഞു. ബി ജെ പി ഒറ്റക്കായിരിക്കും സമരം മുന്നോട്ടു കൊണ്ടു പോവുക. ശബരിമലയില്‍ തങ്ങളായിട്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും പക്ഷെ ശബരിമലയെ കൊള്ളയടിക്കാന്‍ ബിജെപി ആരെയും അനുവദിക്കില്ലെന്ന് എംടി രമേശ് വ്യക്തമാക്കി.
വിഷയത്തില്‍ കോണ്‍ഗ്രസ് നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം.സംസ്ഥാനവ്യാപകമായി നാല് മേഖലാജാഥകള്‍ നടത്താനാണ് തീരുമാനം. പന്തളത്ത് ജാഥകളും മഹാസമ്മേളനവും സംഘടിപ്പിക്കും.



