Kerala

എലത്തൂരിലെ ഇന്ധന ചോര്‍ച്ച; എച്ച്പിസിഎല്ലിന്റേത് ഗുരുതര വീഴ്ച, ഫാക്ടറീസ് ആക്ട് പ്രകാരം കേസ്: ജില്ലാ കലക്ടര്‍

കോഴിക്കോട് എലത്തൂരിലെ ഇന്ധന ചോര്‍ച്ചയില്‍ എച്ച്പിസിഎല്ലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍. സംഭവത്തെ അതീവ പ്രാധാന്യത്തോടെ കാണുന്നു, കൃത്യസമയത്ത് തകരാര്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നും ടെക്‌നിക്കല്‍ ആന്‍ഡ് ഇലക്ട്രിക് സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്നും കലക്ടര്‍ വ്യക്തമാക്കി.

ഇന്ധന ചോര്‍ച്ചയ്ക്ക് കാരണം കമ്പനിയുടെ മെക്കാനിക്ഇലക്ട്രിക് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണെന്നും ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി അടിയന്തര നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. വിഷയത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.

ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് പ്രദേശത്തെ കിണറുകളിലെയടക്കം വെള്ളം മലിനമാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഇത് പരിഹരിക്കാനായി ജില്ലാ ഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. എച്ച്പിസിഎല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടിയിരുന്നു ചോര്‍ച്ച കണ്ടെത്താന്‍ വൈകിയിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായേനെ. പ്രദേശത്തെ തോടുകളിലും പുഴകളിലും എല്ലാം ഡീസല്‍ പടര്‍ന്നിട്ടുണ്ട്. വെള്ളത്തിലേക്ക് പടര്‍ന്ന ഡിസലിന്റെ അംശം നീക്കാന്‍ എച്ചപിസിഎല്ലിന്റെ ന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകും.

ഇന്ധന ചോര്‍ച്ചയ്ക്ക് പിന്നാലെ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി വിദഗ്ധ സംഘം സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഫാക്ടറീസ് ആക്ട് പ്രകാരം ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഇതു സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറുമെന്നും കലക്ടര്‍ പറഞ്ഞു. ഇന്നലെ അറ്റകുറ്റപ്പണിക്കിടെ ആയിരുന്നു ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ നിന്നും വന്‍ തോതില്‍ മുന്‍വശത്തെ ഓടയിലേക്ക് ഡീസല്‍ ചോര്‍ന്നത്. വൈകീട്ട് ആറ് മണിയോടെയാണ് ഡീസല്‍ ചോര്‍ച്ച കണ്ടെത്തിയത്. അര കിലോമീറ്ററോളം ദൂരം ഡീസല്‍ ഒഴുകിയെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button