News

‘ഫ്രഷ് കട്ടിന്’ പ്രവർത്തിക്കാം, പഴകിയ മാലിന്യം കൊണ്ടുവരരുത്, കർശന ഉപാധികളോടെ അനുമതി

സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റിന് ഉപാധികളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ തല ഫെസിലിറ്റേഷൻ കമ്മറ്റിയാണ് പ്രവർത്തനാനുമതി നൽകിയത്. . മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റേയും,ശുചിത്വ മിഷന്‍റേയും റിപ്പോര്‍ട്ടിന്‍റെയും അടിസ്ഥാനത്തിലാണ് നടപടി. പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്‍റെ അളവ് 25 ടണില്‍ നിന്നും 20 ടണ്ണായി കുറക്കാന്‍ പ്ലാന്‍റ് ഉടമകള്‍ക്ക് നിര്‍ദേശം നൽകി.

വൈകിട്ട് ആറു മുതല്‍ പന്ത്രണ്ട് വരെ പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല, പഴകിയ അറവ് മാലിന്യം പ്ലാന്‍റില്‍ കൊണ്ടു വരരുത് തുടങ്ങിയവയാണ് ഉപാധികള്‍. നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം താമരശ്ശേരി ഫ്രഷ് കട്ട്‌ അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക്‌ പ്രസിഡന്‍റും ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പൊലീസിനെ ആക്രമിച്ചതിലാണ് 321 പേര്‍ക്കെതിരെ കേസ്. പ്രതികളെ പിടികൂടാൻ പൊലീസ് വ്യാപക തെരച്ചിലാണ് നടത്തുന്നത്. കണ്ണൂർ റേഞ്ച് ഡി ഐ ജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശേരി, കട്ടിപ്പാറ,പഞ്ചായത്ത്‌ കൊടുവള്ളി നഗരസഭ എന്നിവിടങ്ങളിലെ വിവിധയിടങ്ങളിൽ സമര സമിതി ഹർത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ വൈകിട്ടാണ് പ്ലാന്റിനു മുന്നിൽ നടന്ന സമരതിനിടെ സംഘർഷമുണ്ടായത്. സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ 16 പൊലീസുകാർക്കും 25 ഓളം നാട്ടുകാർക്കും പരിക്കേറ്റിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button