നെയ്യാറ്റിന്‍കര: നീറ്റ് പരീക്ഷയ്ക്കായി വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ചു നല്കിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഗ്രീഷ്മയ്ക്കെതിരെ തട്ടിപ്പുനടത്തിയതിന് വീണ്ടും പരാതി. നീറ്റിന് പുറമേ കീം, സിയുഇടി, കുസാറ്റ്, സിഎംസി വെല്ലൂര്‍ എന്നിവിടങ്ങളിലെ പ്രവേശനപരീക്ഷയ്ക്കായി പണമടച്ചവര്‍ക്കാണ് പ്രതിയായ ഗ്രീഷ്മ വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയതായി പരാതിയുള്ളത്. കണ്ണറവിള സ്വദേശി ആദര്‍ശില്‍ നിന്ന് വിവിധ പ്രവേശനപരീക്ഷകള്‍ക്കായി 23,300 രൂപ തട്ടിയെടുത്തെന്നും ഇരുവൈക്കോണം സ്വദേശി എസ്.അഭിറാമില്‍ നിന്ന് ഫീസ് വാങ്ങിയ ശേഷം വിവിധ പ്രവേശന പരീക്ഷകള്‍ക്ക് വ്യാജ ഹാള്‍ടിക്കറ്റുകള്‍ നല്‍കിയെന്നുമാണ് പരാതി.
ആദര്‍ശില്‍ നിന്ന് ജെഇഇ, നീറ്റ്, കീം, ബിറ്റസാറ്റ്, എയിംസ് എന്നിവിടങ്ങളിലെ പ്രവേശനപരീക്ഷകള്‍ക്കു രജിസ്റ്റര്‍ ചെയ്യാനായി ഫീസിനത്തില്‍ 23,300 രൂപ പല പ്രാവശ്യമായി വാങ്ങിയെന്നാണ് നെയ്യാറ്റിന്‍കര പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. ആദര്‍ശിന്റെ പരാതിയില്‍ നെയ്യാറ്റിന്‍കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ഇരുവൈക്കോണം വിപഞ്ചികയില്‍ എസ്. അഭിറാമില്‍ നിന്ന് നീറ്റ് പ്രവേശനപരീക്ഷയ്ക്ക് ഫീസ് വാങ്ങി ഗ്രീഷ്മ രജിസ്റ്റര്‍ചെയ്തു. അഭിറാമിന്റെ രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ചാണ് പത്തനംതിട്ടയില്‍ പിടിയിലായ ജിത്തുവിന് ഗ്രീഷ്മ വ്യാജ ഹാള്‍ ടിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയത്.
അഭിറാം നീറ്റ് പരീക്ഷ മണക്കാട് സ്കൂളിലാണ് എഴുതിയത്. ഈ രജിസ്റ്റര്‍ നമ്പരും വിലാസവുമുപയോഗിച്ച് പത്തനംതിട്ടയിലെ ഒരു സ്കൂളിന്റെ പേരില്‍ ജിത്തുവിന് ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. അഭിറാം നീറ്റിന് അപേക്ഷിക്കുന്ന ഘട്ടത്തില്‍ത്തന്നെ കീം പരീക്ഷയ്ക്കായി 1600 രൂപ നല്കി രജിസ്ട്രേഷന് നടത്തി. എന്നാല്‍, കീമിന് നല്കിയ ഹാള്‍ ടിക്കറ്റ് വ്യാജമായിരുന്നു. ഇതിനു പുറമേ വെല്ലൂര്‍ സിഎംസിയില്‍ നഴ്സിങ് കോഴ്സില്‍ പ്രവേശനപരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനായും അഭിറാം 1700 രൂപ നല്കി. ഈ പരീക്ഷയ്ക്കു നല്കിയതും വ്യാജ ഹാള്‍ ടിക്കറ്റാണ്. അഭിറാമിനു ലഭിച്ച ഹാള്‍ ടിക്കറ്റ് വെച്ച് വെല്ലൂര്‍ സിഎംസിയിലെ വെബ്സൈറ്റില്‍ പരിശോധിക്കുമ്പോഴാണ് വ്യാജ ഹാള്‍ ടിക്കറ്റാണെന്ന് ബോധ്യമാകുന്നത്.
സിയുഇടി (കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) വഴി ഇന്റഗ്രേറ്റഡ് കോഴ്സിനായി 1650 രൂപയും ഫീസായി നല്‍കിയിരുന്നു. എന്നാല്‍, ഇതിന് അഭിറാമിനു നല്കിയ ഹാള്‍ ടിക്കറ്റും വ്യാജമായിരുന്നു. കുസാറ്റിലും പ്രവേശനപരീക്ഷയ്ക്കായി അഭിറാം 1500 രൂപ ഫീസ് നല്കി അപേക്ഷിച്ചെങ്കിലും പ്രതി ഗ്രീഷ്മ നല്‍കിയത് വ്യാജ ഹാള്‍ ടിക്കറ്റാണ്. ഒബിസി വിഭാഗത്തില്‍പ്പെടുന്ന അഭിറാമിന് പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നെന്നു രേഖപ്പെടുത്തിയ ഹാള്‍ ടിക്കറ്റാണ് നല്‍കിയത്. ഇതുകാരണം കുസാറ്റ് പരീക്ഷയും എഴുതാനായില്ല.
കോഴിക്കോട് ബീച്ചിന് സമീപം യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; കത്തിക്കുത്ത്