സഹയാത്രികനിൽ നിന്ന് പാർട്ടി അംഗത്തിലേക്ക്; സിപിഎം അംഗത്വം സ്വീകരിച്ചതായി കെ ടി ജലീൽ

മലപ്പുറം: തവനൂർ മുൻ എംഎൽഎയും മുൻ മന്ത്രിയുമായ കെ ടി ജലീൽ സിപിഎം അംഗമായതായി പ്രഖ്യാപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതുവരെ പാർട്ടിയുടെ സഹയാത്രികനായാണ് ജലീൽ പ്രവർത്തിച്ചിരുന്നത്. തന്‍റെ പൊതുജീവിതത്തിൽ വലിയ പിന്തുണയും കരുത്തും നൽകിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം എന്ന് ജലീൽ കുറിപ്പിൽ പറഞ്ഞു. 2006 മുതൽ പാർട്ടിയുമായി ആത്മബന്ധം നിലനിന്നിരുന്നുവെന്നും ആ ബന്ധം ഒരിക്കലും ദുർബലമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഹയാത്രികനായിരിക്കെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്ന പിണറായി വിജയനും എം വി ഗോവിന്ദനും നയിച്ച സംസ്ഥാന ജാഥകളിൽ അംഗമാക്കിയത് പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിൽ നിന്ന് തുടർച്ചയായി നാല് തവണ എംഎൽഎയായും അഞ്ച് വർഷം മന്ത്രിയായും പ്രവർത്തിക്കാൻ അവസരം നൽകിയ പാർട്ടിയോട് എന്നും കടപ്പെട്ടിരിക്കുമെന്നും ജലീൽ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഎം കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, വർഗീയവും ഫാഷിസ്റ്റ് ശക്തികളും ശക്തിപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുർബല വിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും സംരക്ഷണം നൽകുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്ക് നിർണായകമാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ദുർബലമാകുന്നത് സമൂഹത്തിന് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജലീൽ ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തെ ഉദാഹരിച്ചുകൊണ്ട് കേരളത്തിൽ സമാന സാഹചര്യം ഉണ്ടാകാതിരിക്കാൻ സിപിഎം ശക്തമായി നിലനിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.




