നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യങ്ങൾ’; മുഖ്യമന്ത്രി ചർച്ചകൾക്കിടെ അഭിവാദ്യവുമായി മലപ്പുറത്തു ഫ്ലെക്സ്

മലപ്പുറം: കോൺഗ്രസ് നേതാവ് വിഡി സതീശന് അഭിവാദ്യവുമായി മലപ്പുറത്തു ഫ്ലെക്സ് ബോർഡ്. “നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് “അഭിവാദ്യങ്ങൾ എന്നെഴുതിയ ഫ്ലെക്സ് ബോർഡാണ് സ്ഥാപിച്ചത്. കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് ഇന്നലെ രാത്രി ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെയാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പിവി അൻവറിന് ആശംസകൾ നേർന്നുകൊണ്ടുള്ള ഫ്ലെക്സ് ബേപ്പൂരിൽ ഉയർന്നിരുന്നു.
അതിനിടെ, ജനനായകൻ വീഡിയോക്ക് പിന്നാലെ പോഡ് കാസ്റ്റുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. കേരള യാത്ര എന്ന പേരിലാണ് പോഡ് കാസ്റ്റ് തുടങ്ങിയത്. കേരള വികസനത്തിനുള്ള ചർച്ച തുടങ്ങാം എന്ന് ചെന്നിത്തല പറയുന്നു. അനാവശ്യ ചർച്ചകൾ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിപദത്തിനായി പോരടിക്കുന്ന കോൺഗ്രസ് നേതാക്കളുടെ പ്രതിച്ഛായ കൂട്ടാൻ വീഡിയോകളും ഡോക്യുമെൻററിയും പുസ്തകങ്ങളും സജീവമായിരിക്കുകയാണ്. വിവിധ രൂപത്തിലുള്ള വാഴ്ത്തുപാട്ടുകളും പോസ്റ്ററുകളും ആവേശത്തോടെയാണ് അണികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
കെഎസ് യു കാലം മുതലുളള ജീവിതമാണ് പ്രമേയം. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇംഗ്ലീഷ്, ഹിന്ദി പ്രസംഗ ശകലങ്ങളും, ആഭ്യന്തരമന്ത്രിയായിരിക്കെ നടപ്പാക്കിയ പദ്ധതികളുമാണ് ഹൈലൈറ്റ്സ്. വീഡിയോ മാത്രമല്ല, ഒസിയുടെ ദൗത്യം പൂർത്തിയാക്കാൻ ആർസി, കേരളത്തെ ആർസി നയിക്കട്ടെ, കൂലിപ്പടയാളികൾ, പോരാളികൾ ആണ് നായകനാകുന്നത്. അങ്ങിനെ നായകൻ ചെന്നിത്തല ടാഗിൽ കാർഡുകളുടെ കുത്തൊഴുക്ക് ആണ്. കെസി- വിഡി പോരായി ചുരുങ്ങുന്നത് കണ്ടാണ് കാഴ്ചക്കാരുടെ റോൾ വിട്ട് ആർസി ടീം കളത്തിലേക്ക് ഇറങ്ങിയത്.



