ശശി തരൂര്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെ; കെ.മുരളീധരന്‍

തന്നെ മുഖ്യമന്ത്രിയായി കാണാന്‍ ജനം ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്ന സര്‍വേ ഫലം പുറത്തുവിട്ട ശശി തരൂര്‍ എം.പിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഭൂരിപക്ഷം കിട്ടിയാല്‍ യു.ഡി.എഫ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും തരൂര്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെയെന്നും മുരളീധരന്‍ പറഞ്ഞു. വിശ്വപൗരന്‍ വിശ്വത്തിന്റെ കാര്യം നോക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് പ്രധാനം. അനാവശ്യ വിവാദത്തിലേക്കില്ല. യു.ഡി.എഫില്‍ വിറകുവെട്ടുകളും വെള്ളംകോരികളുമായ ഒരുപാട് നേതാക്കളുണ്ട്. ജനപിന്തുണയില്‍ മുന്‍തൂക്കമുള്ള നേതാവ് മുഖ്യമന്ത്രിയാക്കും. പാര്‍ട്ടിക്ക് ചില ചട്ടക്കൂടുകളുണ്ട്. അതുപ്രകാരം മുന്നോട്ടു പോകും. അടിയന്തരാവസ്ഥയെ കുറിച്ച് ഒരു ചര്‍ച്ചക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതല്‍ പേര്‍ പിന്തുണക്കുന്നതെന്ന സര്‍വേ റിപ്പോര്‍ട്ടാണ് ശശി തരൂര്‍ പങ്കുവച്ചത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സര്‍വേയില്‍ പറയുന്നത്. 27 ശതമാനം പേര്‍ യുഎഡിഎഫില്‍ ആരാകും മുഖ്യമന്ത്രിയെന്നതില്‍ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്.
24 ശതമാനം പേര്‍ എല്‍ഡിഎഫിന്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താല്‍പര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പിണറായിക്കുള്ളത്. 41.5 ശതമാനം പേര്‍ എല്‍ഡിഎഫിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സര്‍വ്വേയാണ് തരൂര്‍ പങ്കുവെച്ചത്.



