
ലോകത്തെമ്പാടുമുള്ള പ്രവാസിമലയാളികളുടെ പ്രതിനിധികള്‍ ഒഴുകിയെത്തിയ അഞ്ചാം ലോക കേരള സഭ ഇന്ന് സമാപിക്കും. രാവിലെ ഒൻപത് മണി മുതൽ ഏഴ് മേഖലായോഗങ്ങളുടെ റിപ്പോർട്ടിങ്ങും എട്ട് വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിങ്ങും നടക്കും. ശേഷം 10.30ന് വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കും. ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗം നടത്തും. തുടർന്ന് മൂന്ന് മണിയോടെ സ്പീക്കർ എ എൻ ഷംസീറിന്റെ സമാപന പ്രസംഗത്തോടെയാണ് സഭയ്ക്ക് സമാപനമാകുക. ന
വകേരള നിർമിതിയിൽ പ്രവാസികളുടെ പങ്ക് ലോക കേരള സഭ ചർച്ച ചെയ്തു. പരിപാടിയിലെ ഓപ്പൺ ഫോറത്തിലാണ് ചർച്ച നടത്തിയത്. മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിച്ച ഓപ്പൺ ഫോറത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി മോഡറേറ്ററായി. കെ ടി ജലീൽ എംഎൽഎ, മുരളി തുമ്മാരുകുടി, ഇരുദയരാജൻ, തുടങ്ങിയവർ ‘നവ കേരള നിർമിതിയിൽ പ്രവാസികളുടെ പങ്ക്’ എന്ന വിഷയത്തിൽ സംസാരിച്ചു. പ്രതിനിധികളും ഓപ്പൺ ഫോറത്തിന്റെ ഭാഗമായി. നാടിൻ്റെ സർവ മേഖലകളിലും വികസനം എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതാണ് നവകേരള നിർമിതി.
ഈ പദ്ധതിയിലേക്ക് പ്രവാസികൾക്ക് എന്ത് ചെയ്യാൻ കഴിയും എന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് ലോക കേരള സഭയിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചത്. പദ്ധതിയിലേക്ക് നിരവധി നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു. പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് ഓപ്പൺ ഫോറത്തിൽ മറുപടി നൽകി.



