കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത ഐഐഎമ്മിലെത്തിയ വിദ്യാര്‍ത്ഥിനി ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വച്ച് പീഡിപ്പിക്കപ്പെട്ടു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന ആരോപണം രൂക്ഷമാവുന്നതിനിടയിലാണ് പുതിയ സംഭവം. വെള്ളിയാഴ്ചയാണ് കൊല്‍ക്കത്ത ഐഐഎമ്മിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും കര്‍ണാടക സ്വദേശിയുമായ പരമാനന്ദ് ടോപ്പാനുവാര്‍ അറസ്റ്റിലായത്.
സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. മറ്റൊരു കോളേജില്‍ നിന്നും ഐഐഎമ്മില്‍ കൗണ്‍സിലിംഗിന് എത്തിയ വിദ്യാര്‍ത്ഥിനിയേയാണ് പരമാനന്ദ് പീഡിപ്പിച്ചത്. ഐഐഎമ്മിലെത്തിയപ്പോള്‍ പരിചയപ്പെട്ട യുവാവ് വിദ്യാര്‍ത്ഥിനിയെ ബോയ്‌സ് ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വിസിറ്റേഴ്‌സ് ബുക്കില്‍ പേരെഴുതാതെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയത് സംശയം ജനിപ്പിച്ചുവെന്നും എന്നാല്‍ അവഗണിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിനി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. കൗണ്‍സിലിംഗ് നടക്കുന്ന സ്ഥലത്ത് എത്തിക്കാമെന്ന പേരിലായിരുന്നു വിദ്യാര്‍ത്ഥിനിയെ യുവാവ് ഹോസ്റ്റലിനുള്ളിലെത്തിച്ചത്.
ഹോസ്റ്റലിനുള്ളില്‍ വച്ച് ഭക്ഷണം കഴിച്ചോയെന്ന് തിരക്കിയ ശേഷം പിസയും വെള്ളവും നല്‍കി. ഭക്ഷണം കഴിച്ചതോടെ മയങ്ങി വീണ വിദ്യാര്‍ത്ഥിനിയെ പരമാനന്ദ് പീഡിപ്പിച്ചുവെന്നാണ് പരാതി. ബോധം വന്നപ്പോള്‍ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ത്ഥിനി സുഹൃത്തിനോട് വിവരം അറിയിക്കുകയായിരുന്നു. ബലാത്സംഗത്തിനും വിഷം നല്‍കി ആക്രമിച്ചതിനുമാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തില്‍ 4 പേര്‍ക്ക് കൂടി പങ്കുള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. സുരക്ഷാ ജീവനക്കാരനേയും പൊലീസ് ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഹോസ്റ്റലില്‍ നിന്ന് ഫോറന്‍സിക് സംഘം തെളിലുകള്‍ ശേഖരിച്ചിട്ടുണ്ട്.