Kerala

കനത്ത ചൂട്, : ഗര്‍ഭിണികളും കുഞ്ഞുങ്ങളും പ്രായമായവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു.

നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. ശരീരത്തില്‍ നിന്നും അമിതമായ ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവ നട്ടുച്ചയ്‌ക്കോ സൂര്യനുമായി നേരിട്ട് ബന്ധപ്പെടുമ്പോഴോ മാത്രം ഉണ്ടാകണമെന്നില്ല. പ്രായമായവര്‍, രോഗികള്‍ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളില്‍ പോലും ഇതുണ്ടാകാം. അതിനാല്‍ ഇത്തരക്കാര്‍ക്ക് ജലാംശം ഉറപ്പാക്കുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയ കൂടുതലായി നല്‍കണം.

പ്രായാധിക്യമുള്ളവര്‍, രോഗികള്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ കിടക്കുന്നിടത്ത് വായൂ സഞ്ചാരം ഉറപ്പാക്കുക. സൂര്യാഘാതം മനുഷ്യന് മാത്രമല്ല മൃഗങ്ങള്‍ക്കും ഉണ്ടാകാമെന്നതിനാല്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം ഉറപ്പാക്കുക. അമിതമായി മധുരം ചേര്‍ത്തതും കാര്‍ബണ്‍ ഡൈഓക്‌സൈഡ് ചേര്‍ത്തതുമായ വിവിധതരം പാനീയങ്ങള്‍ വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ നിര്‍ജലീകരണത്തിന് കാരണമാകാം. എല്ലാത്തരം മദ്യവും നിര്‍ജലീകരണത്തിന് കാരണമാകുമെന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button