
മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇ പി ജയരാജന്റെ പുസ്തകത്തിന് യഥാർത്ഥത്തിൽ ഇടേണ്ട പേര് ‘കള്ളന്റെ ആത്മകഥ’ എന്നായിരുവെന്ന് ശോഭാ സുരേന്ദ്രൻ പരിഹസിച്ചു. ഇ പി ജയരാജനെ കാണാൻ രാമനിലയത്തിൽ പോയിരുന്നു എന്ന പ്രസ്താവന ശോഭാ സുരേന്ദ്രൻ ആവർത്തിച്ചു. മൂന്ന് തവണ രാമനിലയില്‍ പോയിരുന്നു. ഒരു തവണ പോയത് ഇപി ജയരാജനെ കാണാനാണ്. അന്ന് 24 മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ഇപിയുടെ കഴുത്തിൽ ബിജെപിയുടെ ഷാൾ വീഴുമായിരുന്നുവെന്നും ശോഭാ പറയുന്നു. മാനനഷ്ടക്കേസില്‍ ഇ പി ജയരാജനെ കോടതിയിൽ മൂക്ക് കൊണ്ട് ‘ക്ഷ’ വരപ്പിക്കുമെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
ഇ പി ജയരാജന്‍റെ ആത്മകഥയില്‍ ശോഭാ സുരേന്ദ്രനെതിരെ ഇപി ആരോപണം ഉന്നയിച്ചിരുന്നു. തന്‍റെ മകനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശോഭാ സുരേന്ദ്രന്‍ ശ്രമം നടത്തിയെന്നായിരുന്നു ആത്മകഥയില്‍ പറഞ്ഞത്. എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ വാങ്ങി, നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും ഇ പി ജയരാജന്‍ പറയുന്നുണ്ട്. എന്നാല്‍ മകനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് ഫോൺ ചെയ്തതെന്ന് മനസ്സിലാക്കാനുള്ള യന്ത്രം ഇ പി യുടെ പക്കൽ ഉണ്ടോ എന്നായിരുന്നു ശോഭാ സുരേന്ദ്രൻ്റെ ചോദ്യം. ഇ പി ജയരാജനെ കാണാൻ രാമനിലയത്തിൽ പോയിരുന്നു എന്ന പ്രസ്താവന ആവർത്തിച്ച ശോഭാ സുരേന്ദ്രൻ, കള്ളന്റെ ആത്മകഥയെന്നാണ് ഇപിയുടെ പുസ്തകത്തിന് പേരിടേണ്ടിയിരുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പരിഹസിക്കുന്നു.
കേരളം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതിനെയും ശോഭാ സുരേന്ദ്രൻ പരിഹസിച്ചു. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ലിഫ്റ്റുള്ള വണ്ടിയിൽ വന്ന, പാവപ്പെട്ടവന്റെ തോളിൽ കൈയ്യിടാത്ത മുഖ്യമന്ത്രി ഇടമലക്കുടിയിൽ പോകണമെന്ന് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു. അതിദരിദ്രരില്ലാത്ത പ്രഖ്യാപനം കോടികളുടെ പരസ്യം നൽകി. പാവപ്പെട്ടവരുടെ ഒറ്റുകാരനാണ് മുഖ്യമന്ത്രിയെന്നും ശോഭ പരിഹസിച്ചു.



