Kerala

കോഴിക്കോട് ഒരാഴ്ചത്തേക്ക് ആന എഴുന്നള്ളിപ്പ് പാടില്ല

കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പുകള്‍ ഒരാഴ്ച്ചത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി തീരുമാനം. കൊയിലാണ്ടിയിലെ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് കോഴിക്കോട് എഡിഎമ്മിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന്റെ തീരുമാനം.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നല്‍കുന്ന അനുമതി ഉത്തരവില്‍ പറയുന്ന നിബന്ധനകള്‍ പൂര്‍ണമായും പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്‍റെ ജില്ലാ തല മോണിറ്ററിങ് കമ്മിറ്റി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനും യോഗത്തിൽ തീരുമാനമായി. ജില്ലാ മോണിറ്ററിങ് കമ്മിറ്റി നല്‍കുന്ന അനുമതി ഉത്തരവില്‍ പറയുന്ന എല്ലാ നിബന്ധനകളും ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റികളും നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും യോഗം മുന്നറിയിപ്പ് നൽകി.

ഉത്തരവില്‍ സൂചിപ്പിക്കുന്നതു പോലെ ആനകള്‍ തമ്മിലും ആനകളും ജനങ്ങളും തമ്മിലും പാലിക്കേണ്ട അകലവും കൃത്യമായി പാലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കമ്മിറ്റികള്‍ ഉറപ്പുവരുത്തണം. ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ രജിസ്‌ട്രേഷനില്ലാത്ത ക്ഷേത്രങ്ങള്‍ യാതൊരു കാരണവശാലും ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല. അനുമതിയില്ലാതെ എഴുന്നള്ളിക്കുന്ന ആനകളെ ഉത്സവങ്ങളില്‍ നിന്ന് വിലക്കാനും യോഗം തീരുമാനിച്ചു.

വേനല്‍ക്കാലമായതിനാലും അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നു വരുന്ന സാഹചര്യത്തിലും എഴുന്നള്ളിക്കുന്ന ആനകളുടെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ ജല ലഭ്യതയും തണലും ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉത്സവ കമ്മിറ്റികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും യോഗം നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നു പേർ മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button