News

ടിവികെ തരംഗത്തിലും വീഴാതെ എടപ്പാടി; പളനിസ്വാമിക്ക് ആറാം ജയം, കൊങ്കു മേഖലയിൽ അണ്ണാ ഡിഎംകെയ്ക്ക് കനത്ത ആഘാതം

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച വിജയ്‍‍യുടെ ടിവികെ (തമിഴക വെട്രി കഴകം) കൊടുങ്കാറ്റിൽ പരമ്പരാ​ഗത കോട്ടകൾ തക‍ർന്നടിഞ്ഞെങ്കിലും എടപ്പാടിയിൽ ഭൂരിപക്ഷമുയ‍‌ർത്തി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ ജയം. അണ്ണാ ഡിഎംകെയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കൊങ്കു മേഖലയിൽ ഉൾപ്പെടുന്ന എടപ്പാടി സീറ്റിൽ 98,110 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പളനിസ്വാമിയുടെ വിജയം. ടിവികെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാ‍ർഥി അരലക്ഷത്തോളം വോട്ട് പിടിച്ചെങ്കിലും പളനിസ്വാമിയെ വീഴ്ത്താനായില്ല. ഇതോടെ പളനിസ്വാമിക്ക് സ്വന്തം തട്ടകമായ എടപ്പാടിയിൽ ആറാമതും തിളക്കമാർന്ന വിജയം.

സേലം ജില്ലയിൽ ഉൾപ്പെടുന്ന എടപ്പാടി സീറ്റിൽ 1,48,933 വോട്ടുകൾ നേടിയാണ് എടപ്പാടി കെ പളനിസ്വാമിയുടെ വിജയം. 25 റൗണ്ടുകളിലായി നടന്ന വോട്ടെണ്ണലിൻ്റെ മുഴുവൻ റൗണ്ടുകളിലും പളനിസ്വാമിക്ക് തന്നെ മേൽക്കൈ. ടിവികെ പിന്തുണയിൽ മത്സരിച്ച കെ പ്രേംകുമാ‍റിന് 50,823 വോട്ടുകളും ഡിഎംകെ ടിക്കറ്റിൽ മത്സരിച്ച കാശി സിയ്ക്ക് 44,011 വോട്ടുകളുമാണ് ലഭിച്ചത്.

മണ്ഡലത്തിലെ ടിവികെ സ്ഥാനാ‍ർഥിയുടെ നാമനിർദേശപത്രിക തള്ളിയതിനെ തുടർന്നാണ് ടെലിവിഷൻ ചിഹ്നത്തിൽ മത്സരരം​ഗത്ത് ഉണ്ടായിരുന്ന സ്വതന്ത്രൻ പ്രേംകുമാ‍റിന് പിന്തുണ നൽകാൻ വിജയ് തീരുമാനിച്ചത്. സംസ്ഥാനത്ത് 233 സീറ്റുകളിൽ വിസിൽ ചിഹ്നത്തിൽ ടിവികെ സ്ഥാനാർഥികൾ മത്സരിച്ചപ്പോൾ, ടെലിവിഷൻ ചിഹ്നത്തിൽ മത്സരിച്ച ടിവികെ പിന്തുണയുള്ള ഏക സ്വതന്ത്രനായിരുന്നു പ്രേംകുമാർ.

വിജയ് തരംഗത്തെ വിമർശിച്ച് പ്രകാശ് രാജ്; ‘സമൂഹം രാഷ്ട്രീയമായല്ല ചിന്തിക്കുന്നത്, ആരാധക കേന്ദ്രീകൃതമായി മാറി’
ടിവികെയുടെ വമ്പൻ മുന്നേറ്റത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വരെ വീണെങ്കിലും 72കാരനായ എടപ്പാടി കെ പളനിസ്വാമിക്ക് ഉറച്ചുനിൽക്കാനായത് അണ്ണാ ഡിഎംകെയ്ക്ക് അഭിമാനമായി. അതേസമയം അണ്ണാ ഡിഎംകെയുടെ ശക്തികേന്ദ്രമായിരുന്ന കൊങ്കു (പടിഞ്ഞാറൻ തമിഴ്നാട്) മേഖലയിൽ ​ഗൗണ്ടർ വോട്ടുകളിൽ വിള്ളൽ വീഴ്ത്തി ടിവികെ മുന്നേറ്റം നടത്തി. കോയമ്പത്തൂർ ജില്ലയിൽ അണ്ണാ ഡിഎംകെയ്ക്ക് സ്വാധീനമുണ്ടായിരുന്ന കോയമ്പത്തൂർ നോർത്ത്, സുലുർ, മേട്ടുപ്പാളയം, സിങ്കനെല്ലൂർ അടക്കം ആറ് മണ്ഡലങ്ങൾ ടിവികെ സ്ഥാനാർഥികൾ പിടിച്ചെടുത്തു. ‍ഡിഎംകെ സ്ഥാനാർഥികൾ വാൽപാറ, പൊള്ളാച്ചി, കോയമ്പത്തൂർ സൗത്ത് മണ്ഡലങ്ങളിൽ വിജയിച്ചപ്പോൾ തൊണ്ടമുത്തൂ‍ർ മാത്രമാണ് അണ്ണാ ഡിഎംകെയ്ക്ക് നിലനിർത്താനായത്. 2021ൽ കോയമ്പത്തൂരിലെ 10 മണ്ഡലങ്ങളിലും അണ്ണാ ഡിഎംകെയ്ക്കായിരുന്നു വിജയം.

സംസ്ഥാനത്തെ 234 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 47 സീറ്റുകളിലാണ് അണ്ണാ ഡിഎംകെയ്ക്ക് വിജയിക്കാനായത്. ടിവികെ 108 സീറ്റുകൾ പിടിച്ചെടുത്തപ്പോൾ ഭരണകക്ഷിയായ ഡിഎംകെ 59 സീറ്റുകളിൽ ഒതുങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button