KeralaNews

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഇഡി അറസ്റ്റ് ചെയ്തു

ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പഞ്ചാബ് മന്ത്രിയും എഎപി നേതാവുമായ സഞ്ജീവ് അറോറയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ദില്ലി, ഗുരുഗ്രാം, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് പഞ്ചാബ് വ്യവസായ മന്ത്രിയായ സഞ്ജീവ് അറോറയെ ഇഡി കസ്റ്റഡിയിലെടുത്തത്. സഞ്ജീവിൻ്റെ ഛണ്ഡീഗഡിലെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെ കമ്പനികളിലും റെയ്ഡ് നടന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് എന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

സഞ്ജീവ് അറോറയും അദ്ദേഹവുമായി ബന്ധപ്പെട്ടവരും വ്യാജ പർച്ചേസ് ബില്ലുകൾ ഉപയോഗിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, ജിഎസ്ടി റീഫണ്ട്, കയറ്റുമതി അനുബന്ധ ആനുകൂല്യങ്ങൾ എന്നിവ നേടിയെന്നാണ് കേന്ദ്ര ഏജൻസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. 62കാരനായ സഞ്ജീവ് അറോറ ലുധിയാന വെസ്റ്റിൽ നിന്നുള്ള എംഎൽഎയാണ്. പഞ്ചാബിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് സഞ്ജീവ് അറോറയുടെ അറസ്റ്റുണ്ടായിരിക്കുന്നത്. മന്ത്രിക്കെതിരായ നടപടി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണവുമായി എഎപി നേതാക്കൾ രംഗത്തെത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ വേട്ടയാടൽ നടത്തുകയാണെന്നും എഎപി ആരോപിച്ചു.

നേരത്തെ എഎപി രാജ്യസഭാ എംപിയായിരുന്ന അശോഖ് കുമാർ മിത്തലും സമാന റെയ്ഡ് നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മിത്തൽ അടക്കം ഏഴു രാജ്യസഭാ എംപിമാർ എഎപി വിട്ട് ബിജെപിയിൽ ചേർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button