സ്വർണക്കൊള്ളയിലെ ഇഡി അന്വേഷണം സ്വാഗതം ചെയ്യുന്നു ; ‘രാജീവരുടെ ഊഴം വരട്ടെ, തന്ത്രി സ്ഥാനത്തിൽ തീരുമാനം ഉണ്ടാകും : കെ ജയകുമാർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തുന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി. എത്ര വലിയ സാമ്പത്തിക ക്രമക്കേടാണെങ്കിലും അത് പുറത്തുവരണമെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതിയായ കണ്ഠരര് രാജീവരെ തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തിൽ നിലവിൽ തീരുമാനമെടുക്കുന്നതിന് പ്രസക്തിയില്ലെന്നും ജയകുമാർ വ്യക്തമാക്കി. രാജീവരുടെ ഊഴം വരട്ടെ, ഊഴം വരുമ്പോൾ ധർമ്മനിഷ്ഠമായ തീരുമാനമുണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വിവരിച്ചു. ഒക്ടോബർ വരെ കണ്ഠരര് മഹേഷ് മോഹനർക്കാണ് തന്ത്രിയുടെ ചുമതലയുള്ളതെന്നും അത് കഴിയുന്ന മുറക്ക് തീരുമാനമെടുക്കുമെന്നും ജയകുമാർ കൂട്ടിച്ചേർത്തു.
ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെ തന്ത്രിസ്ഥാനത്തുനിന്നും മാറ്റുന്നതിൽ തീരുമാനം പിന്നീട് എടുക്കേണ്ടിവരുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഇന്നലെ പറഞ്ഞത്. നിലവിൽ തീരുമാനം എടുത്തിട്ടില്ല, തീരുമാനം എടുക്കുന്നതിൽ മനസ്ഥാപമില്ലെന്നും ജയകുമാർ വ്യക്തമാക്കിയിരുന്നു. അടുത്ത് മകര വിളക്ക് സീസണിൽ ശബരിമലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരാനുള്ള റിപ്പോർട്ട് തയ്യാറാക്കിയെന്നും ജയകുമാർ പറഞ്ഞു. സ്വയം സ്പോണ്‍സർമാർ ഇനിവേണ്ടെയെന്നും ബോർഡ് തീരുമാനിച്ചു. ശബരിമലയിൽ സമഗ്ര മാറ്റം ലക്ഷ്യമിട്ട് വിഷൻ ശബരിമല അവതരിപ്പിച്ച ശേഷമായിരുന്നു ദേവസ്വം പ്രസിഡന്‍റിന്‍റെ പ്രതികരണം.



