InternationalMediaNationalNews

മോദിക്കെതിരെയുള്ള ആക്ഷേപ പരാമര്‍ശം : മാലിദ്വീപിലേക്കുള്ള എല്ലാ വിമാന ബുക്കിംഗുകളും റദ്ദാക്കി EaseMyTrip

ഡല്‍ഹി : മാലിദ്വീപിലേക്കുള്ള എല്ലാ വിമാന ബുക്കിംഗുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ EaseMyTrip. പ്രധാനമന്ത്രി മോദിക്കെതിരെ മാലദ്വീപ് വനിതാ മന്ത്രി മറിയം ഷിയുന സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ തങ്ങളും ഉണ്ടെന്നറിയിച്ചാണ് EaseMyTrip മാലിദ്വീപിലേക്കുള്ള എല്ലാ വിമാന ബുക്കിംഗുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ നിശാന്ത് പിട്ടി തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിന്റെ ഐക്യദാര്‍ഢ്യത്തിനൊപ്പം ചേരുന്നതിന്റെ ഭാഗമായി മാലിദ്വീപിലേക്കുള്ള എല്ലാ വിമാന ബുക്കിംഗുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ EaseMyTrip തീരുമാനിച്ചിരിക്കുകയാണെന്ന് നിശാന്ത് പിട്ടി പറഞ്ഞു. ഇന്ത്യയിലെ മുന്‍നിര ട്രാവല്‍ കമ്പനികളിലൊന്നാണ് EaseMyTrip.

അതേ സമയം പ്രധാനമന്ത്രി മോദിക്കെതിരെ മാലദ്വീപ് വനിതാ മന്ത്രി മറിയം ഷിയുന സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പരാമര്‍ശങ്ങളെ നടത്തിയതിനെ തുടര്‍ന്ന് പ്രശ്‌നം വഷളായതോടെ മറിയം ഷിയുനയുടെ പരാമര്‍ഷം അത് വ്യക്തിപരമായ അഭിപ്രായമാണെന്ന് മാലിദ്വീപ് സര്‍ക്കാര്‍ പ്രസ്താവനയിറക്കി രംഗത്തെത്തി. മന്ത്രിയുടെ അഭിപ്രായങ്ങള്‍ മാലിദ്വീപ് സര്‍ക്കാരിന്റേതല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മോദിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് മന്ത്രി മറിയം ഷിയുനയെയും മല്‍ഷ ഷെരീഫിനെയും മഹ്ജൂം മജീദിനെയും സസ്‌പെന്‍ഡ് ചെയ്തു. വിവാദ പരാമര്‍ശങ്ങള്‍ക്ക് ഉത്തരവാദികളായ മൂന്ന് മന്ത്രിമാരെ ഉടന്‍ പ്രാബല്യത്തില്‍ അവരുടെ സ്ഥാനങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി മാലിദ്വീപ് സര്‍ക്കാര്‍ വക്താവ് മന്ത്രി ഇബ്രാഹിം ഖലീല്‍ ആജ് തക്കിനോട് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷമാണ് ഈ സംഭവങ്ങളുടെ തുടക്കം. ലക്ഷദ്വീപ് സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി മോദി അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതോടൊപ്പം, ഈ ദ്വീപ് സന്ദര്‍ശിക്കാന്‍ അദ്ദേഹം ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിക്കുയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാലിദ്വീപ് യുവജന ശാക്തീകരണ ഡെപ്യൂട്ടി മന്ത്രി മറിയം ഷിയുന പ്രധാനമന്ത്രി മോദിയുടെ പോസ്റ്റിനെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയത്. എന്നാല്‍ ട്വീറ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ അവര്‍ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button