
കൊടി സുനിയും സംഘവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍വച്ചും ലഹരിസംഘത്തെ നിയന്ത്രിക്കുന്നതായി ജയില്‍ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ജയിലിനകത്തും പുറത്തും ലഹരിമരുന്ന് വില്‍പ്പനയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊടി സുനി, കിര്‍മാണി മനോജ്, ബ്രിട്ടോ എന്നീ തടവുപുള്ളികളാണ് നേതൃത്വം നല്‍കുന്നത്. റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ കൊടി സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തവനൂര്‍ ജയിലിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.
ജയിലിനകത്തും പുറത്തും ലഹരി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് പുറമെ കൊടി സുനിയും സംഘവും വില്‍പ്പനയും നടത്തുന്നുവെന്നാണ് ജയില്‍ വകുപ്പിന്‍റെ കണ്ടെത്തല്‍. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളിയായ കിര്‍മാണി മനോജും മറ്റൊരു വധക്കേസ് പ്രതി ബ്രിട്ടോയുമാണ് കൂട്ടാളികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തവനൂര്‍ ജയിലില്‍ നിന്ന് ന്യൂ മാഹി ഇരട്ടക്കൊലക്കേസിന്‍റെ വിചാരണ ആവശ്യത്തിനാണ് കൊടി സുനിയെ കഴിഞ്ഞ ജനുവരിയില്‍ കണ്ണൂരിലേക്ക് മാറ്റിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നേരത്തെ ലഭിച്ചുപോന്നിരുന്ന സൗകര്യങ്ങള്‍ വീണ്ടും ഉപയോഗിച്ചാണ് ലഹരിസംഘങ്ങളെ നിയന്ത്രിക്കുന്നത്. ഫോണ്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പടെ ലഭിക്കുന്നുവെന്ന പരാതി ശരിവയ്ക്കുന്നതാണ് ജയില്‍വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് തവനൂരിലേക്ക് മാറ്റാനുള്ള തീരുമാനം.
കണ്ണൂരിലെ അനുകൂല സാഹചര്യം തവനൂരില്‍ കൊടി സുനിക്ക് കിട്ടില്ലെന്നാണ് അനുമാനം. ന്യൂ മാഹി ഇരട്ടക്കൊലക്കേസിന്‍റെ അന്തിമ വാദം നടക്കുന്ന തലശ്ശേരി കോടതിയില്‍ പരസ്യമദ്യപാനം പുറത്തായതിന് ശേഷം കൊടി സുനിയെ കൊണ്ടുവന്നിട്ടില്ല. മുഹമ്മദ് ഷാഫി, കൊടി സുനി, ഷിനോജ് എന്നിവരെ ഓണ്‍ലൈനിലാണ് ഇരുത്തുന്നത്. അതുകൊണ്ട് തന്നെ ജയില്‍മാറ്റം ഉണ്ടായാലും വിചാരണയ്ക്ക് തടസമുണ്ടാകില്ല. വയനാട്ടില്‍ പരോളില്‍ കഴിയവെ വ്യവസ്ഥകള്‍ സംഘിച്ച് കൊടി സുനി കര്‍ണാകയിലേക്ക് പോയത് ലഹരി സംഘങ്ങളുമായുള്ള ഇടപാടിനാണോ എന്ന കാര്യം രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.