സംസ്ഥാനത്ത് പിണറായിയുടെ ഏകാധിപത്യം, മുഖ്യമന്ത്രിക്ക് മുന്നില്‍ മുട്ടിടിച്ച് ബിനോയ് വിശ്വം; സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

കൊല്ലം: സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനം. പിണറായി വിജയനും സിപിഐഎമ്മിനും മുന്നില്‍ മുട്ടിടിച്ച് നില്‍ക്കുകയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പാര്‍ട്ടി നേതൃത്വവുമെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. ഇവിടെ നടക്കുന്നത് പിണറായിയുടെ ഏകാധിപത്യമാണ്. എണ്ണിയാലൊടുങ്ങാത്ത വാഹനങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രി യാത്ര ചെയ്യുന്നത് ചോദ്യം ചെയ്യാന്‍ എന്തുകൊണ്ട് കഴിയുന്നില്ലെന്നും ചോദ്യമുയര്‍ന്നു.
ആര്‍ക്കും മനസിലാകാത്ത ഭാഷയിലാണ് പാര്‍ട്ടി സെക്രട്ടറിമാര്‍ സംസാരിക്കുന്നത്. എം വി ഗോവിന്ദനും ബിനോയ് വിശ്വവും പറയുന്നത് ആര്‍ക്കും മനസിലാകുന്നില്ലെന്നും ജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ സംസാരിക്കാന്‍ ഇരുവരും ശ്രമിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ബ്രൂവറി ഉള്‍പ്പെടെ ഒന്നിലും നിലപാടില്‍ ബിനോയ് വിശ്വം ഉറച്ചു നില്‍ക്കുന്നില്ല. വെളിയം ഭാര്‍ഗവന്‍, സി കെ ചന്ദ്രപ്പന്‍ തുടങ്ങിയവര്‍ സെക്രട്ടറിമാരായിരുന്നപ്പോള്‍ പാര്‍ട്ടിക്കുണ്ടായിരുന്ന വ്യക്തിത്വം ഇപ്പോള്‍ നഷ്ടപ്പെട്ടു. പാര്‍ട്ടിയുടെ മന്ത്രിമാര്‍ വന്‍ പരാജയമാണെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. സിവില്‍ സപ്ലൈസ്-കൃഷിവകുപ്പുകള്‍ പരാജയമാണെന്ന് ചര്‍ച്ച ചെയ്ത അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന തന്നെയാണ് സിപിഐഎം സിപിഐ ഭരിക്കുന്ന വകുപ്പുകളോടും കാണിക്കുന്നത്. വകുപ്പുകള്‍ക്ക് വേണ്ട പണം അനുവദിക്കുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. ആരോഗ്യ മേഖലയിലെ പോരായ്മകള്‍ തുറന്നു പറഞ്ഞ ഡോ. ഹാരിസിനെതിരെ ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ ഡോ. കഫീല്‍ ഖാനെ കൈകാര്യം ചെയ്തതുപോലെയാണ് നടപടിയുണ്ടായത്. ഇതില്‍ ഡോ. ഹാരിസിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയുടെ ഒരു നേതാവ് പോലും തയാറായില്ല. എഐഎസ്എഫ് ആണ് എസ്എഫ്‌ഐയുടെ പ്രധാന ശത്രു. എന്നാല്‍ എഐഎസ്എഫ്, എബിവിപിയെയും കെഎസ്യുവിനെയുമാണ് എതിരായി കാണുന്നത്. എഐഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ എസ്എഫ്‌ഐയെ തെരുവില്‍ നേരിടുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പിഎസ് സുപാല്‍ പറഞ്ഞു. ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തില്‍ സിപിഐയും എഐടിയുസിയും എന്ത് ചെയ്തുവെന്നും പ്രതിനിധികള്‍ ചോദിച്ചു.
പ്രകടന പത്രിക വാഗ്ദാനം മാത്രമായി മാറുന്നുവെന്നും പ്രതിനിധികള്‍ ആരോപിച്ചു. എല്‍ഡിഎഫ് പ്രകടന പത്രിക പി ആര്‍ ഏജന്‍സി തയ്യാറാക്കിയതാണോയെന്നും പ്രതിനിധികള്‍ ചോദിച്ചു. മാധ്യമങ്ങളുടെ മുന്നില്‍ സംസാരിക്കാന്‍ മന്ത്രിമാര്‍ക്ക് പരിശീലനം നല്‍കണമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രതിനിധികള്‍ വ്യക്തമാക്കി.