
ധർമസ്ഥല വെളിപ്പെടുത്തലിൽ മാധ്യമവിലക്ക് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി വാദം കേട്ടില്ല. ഹർജിയിൽ രണ്ടാഴ്‌ചക്കകം തീരുമാനമെടുക്കാൻ ബംഗളൂരുവിലെ വിചാരണ കോടതിക്ക് നിർദേശം നൽകി. ധർമസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വാർത്തകളിൽ ധർമ്മസ്ഥല ട്രസ്റ്റും ട്രസ്റ്റുമായി ബന്ധപ്പെട്ടവരുടെ പേരും ഉപയോഗിക്കരുതെന്ന് കാണിച്ച് നൽകിയ ഹർജിയാണ് സുപ്രീംകോടതി വാദം കേൾക്കാതെ വിചാരണ കോടതിയിലേക്ക് തിരിച്ചയച്ചത്.
ഹർജിയിൽ രണ്ടാഴ്‌ചക്കകം ഉചിതമായ തീരുമാനമെടുക്കാൻ ജസ്റ്റിസുമാരായ രാജേഷ് ബിൻഡാലും മൻമോഹനും അടങ്ങുന്ന ബെഞ്ച് ബംഗളൂരു വിചാരണ കോടതിയോട് നിർദ്ദേശിച്ചു. മാധ്യമങ്ങളെ വിലക്കൽ അപൂർവമായി മാത്രം ഉത്തരവിടുന്നതാണെന്നും ധർമസ്ഥല കേസിന്‍റെ മെരിറ്റിനെ കുറിച്ച് നിലവിൽ അഭിപ്രായം പറയുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ധർമസ്ഥല ക്ഷേത്ര ട്രസ്‌റ്റ് സെക്രട്ടറി ഡി ഹർഷേന്ദ്ര കുമാറാണ് ഹർജി നൽകിയത്. നേരത്തെ ബംഗളൂരു സിറ്റി അഡിഷണൽ സെഷൻസ് കോടതി മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി 332 മാധ്യമ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. എണ്ണായിരത്തിലധികം വാർത്താലിങ്കുകൾ നീക്കം ചെയ്യാനും ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതേസമയം ധർമ്മസ്ഥല സംഘത്തിന് പൊലീസ് സ്റ്റേഷൻ പദവി നൽകി. നിയമക്കുരുക്ക് ഒഴിവാക്കാനാണ് നടപടി. നേരത്തെ മറ്റു പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തശേഷം പരാതി പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. പൊലീസ് സ്റ്റേഷൻ പദവി നൽകി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.