National

ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി; ഇന്നു ഗവര്‍ണറെ കാണും, സത്യപ്രതിജ്ഞ നാളെ അഞ്ചിന്‌‌

ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. മുംബൈയില്‍ ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗം ഫഡ്‌നാവിസിനെ നേതാവായി തെരഞ്ഞെടുത്തു. ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ മഹായുതി സഖ്യ സര്‍ക്കാര്‍ നാളെ വൈകീട്ട് അഞ്ചുമണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

നിയമസഭയിലേക്ക് വിജയിച്ച ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ കേന്ദ്രനിരീക്ഷകരനായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവര്‍ സംബന്ധിച്ചു. നിയമസഭാകക്ഷിയോഗത്തിന് മുമ്പായി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ഫഡ്‌നാവിസിന്റെ പേരിന് അന്തിമ അംഗീകാരം നല്‍കിയിരുന്നു.

മഹായുതി നേതാക്കള്‍ ഇന്ന് വൈകീട്ട് 3.30 ന് ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്ന് ബിജെപി നേതാവ് സുധീര്‍ മുന്‍ഗാതിവര്‍ പറഞ്ഞു. 54 കാരനായ ഫഡ്‌നാവിസ് ഇതു മൂന്നാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. 2014 മുതല്‍ 2019 വരെയാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്നത്.

2019 മുതല്‍ 2022 വരെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായിരുന്നു. 2013 മുതല്‍ 2015 വരെ ബിജെപി സംസ്ഥാന പ്രസിഡന്റുമായിരുന്നിട്ടുണ്ട്. 2019 ല്‍ മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയനാടകത്തിനൊടുവില്‍ അഞ്ചുദിവസം മുഖ്യമന്ത്രിയായിരുന്നു. കഴിഞ്ഞ മഹായുതി സര്‍ക്കാരില്‍ ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 288 സീറ്റില്‍ 230 സീറ്റും നേടിയാണ് മഹായുതി സഖ്യം അധികാരം നിലനിര്‍ത്തിയത്. 132 സീറ്റ് കരസ്ഥമാക്കിയ ബിജെപി വലിയ നേട്ടമാണുണ്ടാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button